ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവെ ദേശീയപാതയിൽ കാറും മീൻ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
പിലിക്കോട്: ദേശീയപാതയിൽ കാറും മീൻ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സുഹൃത്തുക്കളായ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പിലിക്കോട് മട്ടലായിൽ ശനിയാഴ്ച രാവിലെ 6.45 മണിയോടെയാണ് അപകടം നടന്നത്. തുരുത്തി ഓർക്കുളത്തെ പരേതനായ രാധാകൃഷ്ണൻ-കാർത്യായനി ദമ്പതികളുടെ മകൻ കെപി രാജിത് (31) ആണ് മരിച്ചത്.
സുഹൃത്തുക്കളായ മൂന്ന് പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പറശ്ശിനിക്കടവ് ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ ചെറുവത്തൂർ ഭാഗത്ത് നിന്നും അമിതവേഗതയിൽ വന്ന മീൻലോറി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. മടക്കരയിൽ കെ പി ആർ സൺസ് എന്ന പേരിൽ ലൈവ് പ്രോഗ്രാം സ്ഥാപനം നടത്തി വരികയായിരുന്നു രാജിത്. ഭാര്യ നീധീഷ.
അപകടത്തിൽ കാർ പൂർണമായും തകർന്നു. കാറിനുള്ളിൽ കുടുങ്ങിയവരെ ഓടിക്കൂടിയ നാട്ടുകാരും തൃക്കരിപ്പൂരിൽ നിന്നും എത്തിയ ഫയർഫോഴ്സും ചന്തേര പൊലീസും ചേർന്ന് കാർ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. മാസങ്ങൾക്ക് മുമ്പ് കാർ മറിഞ്ഞ് അപകടം നടന്നതിന് അൽപം അകലെയാണ് ഇപ്പോൾ അപകടം സംഭവിച്ചിരിക്കുന്നത്. സ്ഥിരം അപകട മേഖലയാണ് മട്ടലായി.