തൃശൂരിൽ അമ്മയെ കൊന്ന മകൻ ലഹരിക്കടിമ; കൊലപാതകത്തിന്റെ കാരണം വെളിപ്പെടുത്തി പോലീസ്
തൃശൂർ: മാതാവിന്റെ കഴുത്തുഞെരിച്ച് ബോധം കെടുത്തിയ ശേഷം പാചകവാതക സിലിണ്ടർ എടുത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മകനെതിരെ നിർണായക വിവരങ്ങൾ പുറത്ത്. കിഴക്കേ കോടാലി കൊള്ളിക്കുന്നിൽ അതിയാരൻ കൃഷ്ണൻകുട്ടിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഉപ്പുഴി വീട്ടിൽ ചാത്തുണ്ണിയുടെ ഭാര്യ ശോഭനയാണ് (55) കൊല്ലപ്പെട്ടത്. കേസിലെ പ്രതിയായ ഇവരുടെ ഏക മകൻ വിഷ്ണു (24) ലഹരിക്കടിമയായിരുന്നെന്ന് പൊലീസ് അറിയിച്ചു.
ഒരുമാസം മുമ്പാണ് ഇവർ കൊള്ളിക്കുന്നിൽ വാടകയ്ക്ക് താമസിക്കാനെത്തിയത്. അതിന് മുമ്പ് ഇവർ താമസിച്ചിരുന്ന സ്ഥലവും വീടും വിറ്റ് അഞ്ച് ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചിരുന്നു. ഈ പണം നൽകാത്തതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.
അമ്മയെ ശ്വാസംമുട്ടിച്ചുകൊല്ലാൻ ശ്രമിച്ചിരുന്നെന്നും, മരണം ഉറപ്പാക്കാനായിട്ടാണ് ഗ്യാസ് സിലിണ്ടർ തലയിലിട്ടതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് കൊലപാതകം നടന്നത്. കൃത്യം നടത്തിയ ശേഷം ടാങ്കർ ലോറി ഡ്രൈവറായ വിഷ്ണു വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പ്രതിയുമായി പൊലീസ് വീട്ടിലെത്തിയപ്പോഴാണ് കൊലപാതകവിവരം അയൽക്കാർ പോലും അറിയുന്നത്.