കാസർകോട് തളങ്കര റെയിൽ പാളത്തിൽ കരിങ്കൽ കഷ്ണങ്ങൾ കണ്ടെത്തിയ സംഭവം:പോലീസ് കേസെടുത്തു; അന്വേഷണം ഊർജിതമാക്കി
കാസർകോട്: തളങ്കരയിൽ റെയിൽ പാളത്തിൽ കരിങ്കൽ കഷ്ണങ്ങൾ വെച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. കാസർകോട് ടൗൺ പൊലീസാണ് അന്വേഷണം നടത്തുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് 4.40 നാണ് റെയിൽവേ സ്റ്റേഷന് സമീപം പാളത്തിൽ മൂന്നിടങ്ങളിലായി കരിങ്കൽ കഷ്ണങ്ങൾ വെച്ച നിലയിൽ ഗ്യാങ്മാൻ കണ്ടെത്തിയത്. തുടർന്ന് അദ്ദേഹം അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
മംഗ്ളുറു ഭാഗത്തേക്കുള്ള പാളത്തിലായിരുന്നു കല്ലുകൾ കണ്ടെത്തിയത്. ട്രെയിൻ കടന്നുപോകുന്നതിന് മുമ്പ് ഇവ ശ്രദ്ധയിൽ പെട്ടതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയർ എൻ രഞ്ജിത് കുമാറിന്റെ പരാതിയിലാണ് ടൗൺ പൊലീസ് കേസെടുത്തത്. അടുത്തിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് സമാന രീതിയിലുള്ള സംഭവങ്ങൾ റിപോർട് ചെയ്തിട്ടുണ്ട്.