വർക് ഷോപ്പിൽ നിന്ന് ഓടിച്ചുനോക്കാൻ കൊണ്ടുപോയ കാർ യാത്രക്കിടെ കത്തിനശിച്ചു
കുളത്തൂപ്പുഴ: വർക് ഷോപ്പിൽ അറ്റകുറ്റപ്പണികൾ കഴിഞ്ഞ് ഓടിച്ചുനോക്കാനായി കൊണ്ടുപോയ കാർ യാത്രയ്ക്കിടയിൽ തീപിടിച്ചു കത്തിനശിച്ചു. ഉടമയും സുഹൃത്തും പരിക്കുകളില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. കുളത്തൂപ്പുഴ സാംനഗർ സ്വദേശി സജാദിന്റെ ഉടമസ്ഥതയിലുള്ള കാറിനാണ് തീപിടിച്ചത്. വ്യാഴാഴ്ച സന്ധ്യയോടെ തിരുവനന്തപുരം-ചെങ്കോട്ട അന്തസ്സംസ്ഥാന പാതയിൽ കുളത്തൂപ്പുഴ നെടുവന്നൂർക്കടവിനു സമീപത്തായിരുന്നു അപകടം.
കുളത്തൂപ്പുഴയിലെ വർക് ഷോപ്പിൽ അറ്റകുറ്റപ്പണികൾ നടത്തിയശേഷം കൂവക്കാട് ഭാഗത്തേക്ക് പോകവേ ബോണറ്റിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഇവർ വാഹനം വഴിയരികിൽ നിർത്തി പുറത്തിറങ്ങി. ഈ സമയം പെട്ടെന്ന് തീപടരുകയായിരുന്നു. നിമിഷങ്ങൾക്കകം കാർ പൂർണമായും കത്തിനശിച്ചു. സംഭവമറിഞ്ഞ് പരിസരവാസികളും നാട്ടുകാരും ഓടിയെത്തി തീ അണയ്ക്കാൻ ശ്രമം നടത്തി.
ഇതിനിടെ തീപിടിച്ച് ടയറുകൾ വൻ ശബ്ദത്തിൽ പൊട്ടിത്തെറിച്ചതോടെ എല്ലാവരും ദൂരേക്കുമാറി. കുളത്തൂപ്പുഴ പോലീസ് സ്ഥലത്തെത്തി അന്തസ്സംസ്ഥാനപാതയിലെ ഗതാഗതം നിയന്ത്രിക്കുകയും സുരക്ഷയൊരുക്കുകയും ചെയ്തു. കത്തിയമർന്ന വാഹനത്തിലെ തീ പൂർണമായി കെടുത്തിയശേഷമാണ് പാതയിലെ ഗതാഗതം പുനഃസ്ഥാപിച്ചത്.