നമ്മുടെ സ്വപ്നം ഫയലിൽ ഉറങ്ങുകയല്ല! മെട്രോ ഒരിക്കലും വരില്ലെന്ന് കരുതിയവർക്ക് തെറ്റി! ഒരു ലൂപ്പുകൂടി ചേർത്ത് തിരുവനന്തപുരത്തിന്റെ മെട്രോ ഉടൻ യാഥാർത്ഥ്യമാവും
തിരുവനന്തപുരം: പതിറ്റാണ്ടിലേറെയായി ഫയലിൽ കുരുങ്ങിയ ലൈറ്റ്മെട്രോ പദ്ധതിയിൽ പ്രതീക്ഷയോടെ തലസ്ഥാനം. കരമന മുതൽ പള്ളിപ്പുറം ടെക്നോസിറ്റി വരെയുള്ള നിർദ്ദിഷ്ട ലൈറ്റ്മെട്രോ റൂട്ടിൽ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ടെക്നോപാർക്കിലേക്കും ഒരു ലൂപ്പുകൂടി ഉൾപ്പെടുത്തുമെന്ന് കൊച്ചി മെട്രോ എം.ഡി ലോക്നാഥ് ബെഹ്ര കേരളകൗമുദിയോട് പറഞ്ഞു. പദ്ധതിരേഖ (ഡി.പി.ആർ) പുതുക്കുന്ന നടപടി ഉടൻ തുടങ്ങുമെന്നും കേന്ദ്രാനുമതികളെല്ലാം അതിവേഗത്തിൽ നേടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.വിമാനത്താവളവും ടെക്നോപാർക്കും കൂടി ഉൾപ്പെടുത്തി പുതിയ റൂട്ട് വരുന്നതോടെ തലസ്ഥാനത്തിന്റെ മുഖംമാറും. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ടെക്നോപാർക്കിലേക്ക് മെട്രോ നീട്ടുന്നതിനെക്കുറിച്ച് പഠിച്ചിരുന്നു. നിലവിലെ കരമന പള്ളിപ്പുറം റൂട്ട് മാറ്റില്ലെന്നും ഇതിനൊപ്പം വിമാനത്താവളത്തിലേക്കും ടെക്നോപാർക്കിലേക്കും ലൂപ്പ് സർക്കിൾ ഉൾപ്പെടുത്തുകയാണെന്നും ബെഹ്ര വിശദീകരിച്ചു. പുതിയ പദ്ധതിരേഖ തയ്യാറാക്കൽ, ഭൂമിയേറ്റെടുക്കൽ, കേന്ദ്രാനുമതി നേടിയെടുക്കൽ എന്നിങ്ങനെ കടമ്പകളുണ്ട്. പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാൽ രണ്ടുവർഷത്തിനകം നിർമ്മാണം പൂർത്തിയാക്കാനാകും.
ടെക്നോപാർക്കിലേക്ക് മെട്രോ എത്തുന്നതോടെ യാത്രാസൗകര്യം മെച്ചപ്പെടും. ടെക്നോപാർക്കിനെയും മൂന്ന് ഫേസുകളെയും ബന്ധിപ്പിച്ച് അഞ്ച് സ്റ്റേഷനുകളുണ്ടാവും. ടെക്നോപാർക്ക്, ഇൻഫോസിസ്, ടെക്നോപാർക്ക് ഫേസ് 3 എന്നിവിടങ്ങളിലായി 360 ഐ.ടി കമ്പനികളുണ്ട്. ഒന്നരലക്ഷത്തോളം പേർ നിത്യേന കഴക്കൂട്ടത്തെത്തുന്നുണ്ട്.
ഫേസുകളെ ബന്ധിപ്പിച്ച് സർവീസ്
നിലവിലെ പഠനപ്രകാരം ടെക്നോപാർക്കിന് അകത്തുകൂടിയാവില്ല മെട്രോ ഓടുക. എല്ലാ ഫേസുകളെയും ബന്ധിപ്പിച്ചാവും സർവീസ്. കഴക്കൂട്ടം ജംഗ്ഷനിൽ നിന്ന് ബൈപ്പാസിന്റെ വശത്തുകൂടിയാവും ടെക്നോപാർക്കിലെത്തുക. അതിനുശേഷം റോഡിന് മദ്ധ്യഭാഗത്തുകൂടി ഫേസ് 2, 3 എന്നിവിടങ്ങളിലേക്കെത്തും. കഴക്കൂട്ടം, ടെക്നോപാർക്ക്, ഫേസ് 2, ഫേസ് 3, കരിമണൽ എന്നിവിടങ്ങളിൽ സ്റ്റേഷനുകളുണ്ടാവും. പദ്ധതിരേഖ പുതുക്കുന്നതോടെ ഇതിൽ മാറ്റങ്ങളുണ്ടാവാം
ബെഹ്റയുടെ ദൗത്യങ്ങൾ
കേന്ദ്രാനുമതി നേടിയെടുക്കുകയാണ് ആദ്യപടി. പട്ടം, ഉള്ളൂർ, ശ്രീകാര്യം ഓവർബ്രിഡ്ജുകൾ പൂർത്തിയാക്കണം.
തമ്പാനൂരിൽ മൂന്നുനില ഓവർബ്രിഡ്ജിന്റെ നിർമ്മാണം റെയിൽവേയുമായി ചേർന്ന് പൂർത്തിയാക്കണം.
ബൈപ്പാസിന്റെ മദ്ധ്യത്തിലൂടെയോ മുകളിലൂടെയോ തൂണുകളും പാലങ്ങളും നിർമ്മിച്ച് മെട്രോ ഓടിക്കാൻ സംവിധാനങ്ങളുണ്ടാക്കണം
നിലവിൽ കണക്കാക്കിയിട്ടുള്ള പദ്ധതിച്ചെലവ് 4673 കോടി രൂപ
പദ്ധതിരേഖ പുതുക്കുന്നതിനൊപ്പം എസ്റ്റിമേറ്റും പുതുക്കണം. 4673 കോടിയാണ് നിലവിൽ കണക്കാക്കിയിട്ടുള്ള ചെലവ്. ഇത് വർദ്ധിക്കും. തലസ്ഥാനത്തിന് സമഗ്രമായ ഗതാഗത പ്ലാൻ തയ്യാറാക്കും.”