അത് നടപ്പുള്ള കാര്യമല്ല! വിഴിഞ്ഞം പോർട്ടിനെതിരെ ലത്തീൻ അതിരൂപതയുമായി നടത്തിയ ചർച്ചയിൽ തുറന്നടിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിൽ ലത്തീൻ അതിരൂപത അധികൃതരുമായി മുഖ്യമന്ത്രി നടത്തിയ ചർച്ച പരാജയം. തുറമുഖ നിർമ്മാണം നിറുത്തിവയ്ക്കാനാകില്ലെന്ന് മുഖ്യമന്ത്രി സഭാ അധികൃതരെ അറിയച്ചതോടെയാണ് ചർച്ച വഴിമുട്ടിയത്. തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയും വികാരി ജനറൽ യൂജിൻ പെരേരയുമാണ് ക്ലിഫ് ഹൗസിൽ നടന്ന ചർച്ചയിൽ പങ്കെടുത്തത്. വൈകിട്ട് മൂന്നിന് തുടങ്ങിയ ചർച്ച മുക്കാൽ മണിക്കൂറോളം നീണ്ടു.
ലത്തീൻ അതിരൂപതയുടെ അംഗീകരിച്ച അഞ്ച് ആവശ്യങ്ങളും മുഖ്യമന്ത്രി ചർച്ചയിൽ വിശദീകരിച്ചു. മണ്ണെണ്ണ സബ്സിഡിയുടെ കാര്യത്തിൽ കേന്ദ്രമാണ് തീരുമാനമെടുക്കേണ്ടതെന്നും ബോദ്ധ്യപ്പെടുത്തി. തുടർന്ന് തുറമുഖ നിർമ്മാണം നിറുത്തിവയ്ക്കണമെന്ന് ആർച്ച് ബിഷപ്പും വികാരി ജനറലും ആവശ്യപ്പെട്ടപ്പോൾ അത് നടപ്പുള്ള കാര്യമല്ലെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. തുറമുഖ നിർമ്മാണം ഏറെ മുന്നോട്ടുപോയി. അവസാനനിമിഷം നിർമ്മാണത്തിൽ നിന്ന് പിന്മാറുന്നത് സർക്കാരിന്റെ കൈയിൽ നിൽക്കുന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഫിഷറീസ് മന്ത്രി അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ നടന്ന രണ്ട് ചർച്ചകളും പരാജയപ്പെട്ടതോടെയാണ് മുഖ്യമന്ത്രി സഭാ അധികൃതരുമായി ചർച്ച നടത്തിയത്. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയും പരാജയപ്പെട്ടതോടെ സമരം കടുപ്പിക്കാനുള്ള ആലോചനയാണ് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്നത്.