വെള്ളം ഒഴുക്കുന്നതില്‍ തര്‍ക്കം, യുവാവിനെ അടിച്ചുകൊന്നു
പാലക്കാട്: കോഴിപ്പാറയില്‍ യുവാവിനെ അടിച്ചുകൊന്ന സംഭവത്തില്‍ പ്ലസ്ടു വിദ്യാര്‍ഥിയടക്കം ആറുപേരെ അറസ്റ്റ് ചെയ്തു. കോഴിപ്പാറ കാരമണ്ണ ശശീന്ദ്രന് (60), ബന്ധുക്കളായ കാരമണ്ണ വേണുഗോപാലന്‍ (55), ഉണ്ണിക്കൃഷ്ണന് (46), അനില്‍കുമാര്‍ (33), വിപിന്‍ (28), പ്ലസ്ടു വിദ്യാര്‍ഥി കാരമണ്ണ പ്രിന്‍സ് (19) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കൃഷിസ്ഥലത്തേക്ക് വെള്ളം തിരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് തിരുമിറ്റക്കോട് പുളിക്കല്‍ തോട്ടത്തില്‍ കൃഷ്ണന്‍കുട്ടിയുടെ മകന് പ്രശാന്തിന്റെ (അനു-36) കൊലപാതകത്തില്‍ കലാശിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ കോഴിപ്പാറ കാരമണ്ണ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപമാണ് സംഭവം.
കോഴിപ്പാറയില്‍ ആറ് ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് പ്രശാന്ത് കൃഷി ചെയ്യുന്നുണ്ട്. ഇവിടേക്ക് വെള്ളം തിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ച പ്രശാന്തും ശശീന്ദ്രനുമായി തര്‍ക്കമുണ്ടായിരുന്നു. ഞായറാഴ്ച ശശീന്ദ്രന്റെ വീട്ടില്‍ വിവാഹച്ചടങ്ങ് നടന്നതിനാല്‍ ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു.
തിങ്കളാഴ്ച രാവിലെ പ്രശാന്ത് കൃഷിസ്ഥലത്തേക്ക് ബൈക്കില്‍ വരുമ്പോള്‍ ശശീന്ദ്രനും ബന്ധുക്കളായ അഞ്ചുപേരും ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഘം ചേര്‍ന്ന് ആക്രമിക്കുന്നത് കണ്ടവര്‍ ഇവരെ പിന്തിരിപ്പിച്ചതോടെ പ്രശാന്ത് രക്ഷപ്പെട്ട് സമീപത്തെ കടയിലെത്തിയെങ്കിലും ഇവിടെ കുഴഞ്ഞുവീണു.
മുഖത്തുള്‍പ്പെടെ പരിക്കേറ്റ് വീണ പ്രശാന്തിനെ പ്രദേശത്തുണ്ടായിരുന്നവര്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മരിച്ചു.
പ്രശാന്തിന് മുപ്പത്തിയഞ്ചോളം അടിയേറ്റതായി പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായെന്ന് പോലീസ് പറഞ്ഞു. ആറുപേരെയും റെയില്വേസ്റ്റേഷന് പരിസരത്തുനിന്നാണ് ഷൊര്‍ണൂര്‍ പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ പി.എം. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച വൈകീട്ട് അറസ്റ്റ് ചെയ്ത ഇവരെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.