നാലുകിലോ കഞ്ചാവിന് കൂലി പതിനായിരം രൂപയും നൂറു ഗ്രാം കഞ്ചാവും; കടത്ത് ട്രെയിനില്‍
തിരൂര്‍: റെയില്‍വേ സ്റ്റേഷനില്‍ നാലുകിലോഗ്രാം കഞ്ചാവുമായി കണ്ണൂര്‍ ശ്രീകണ്ഠാപുരം തെമ്മാങ്കുഴിയില് ജോഷി പ്രകാശ് (20) പിടിയിലായി. റെയില്‍വേ സംരക്ഷണസേനയും എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയും തിരൂര്‍ എക്സൈസ് സര്‍ക്കിള്‍ ടീമും ചേര്‍ന്നാണ് പിടികൂടിയത്.
ചെന്നൈ-മംഗളൂരു സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസില്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റിലായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുകയായിരുന്നു. കഞ്ചാവ് രണ്ടു കിലോഗ്രാം വീതമുള്ള കെട്ടുകളാക്കി ബാഗില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ചെന്നൈയില്‍നിന്ന് കണ്ണൂരിലേക്കാണ് ടിക്കറ്റ് എടുത്തതെങ്കിലും കോഴിക്കോട്ട് ഇറങ്ങാനായിരുന്നു ഉദ്ദേശ്യം.
അവിടെ ഒരാള്‍ക്ക് കൈമാറണമെന്നായിരുന്നു കിട്ടിയ നിര്‍ദേശം. ആന്ധ്രയില്‍നിന്ന് ആരോ ചെന്നൈയില്‍ എത്തിച്ചുകൊടുത്തതായിരുന്നു. 80000 രൂപയോളം വിലവരും. 10000 രൂപയും നൂറു ഗ്രാം കഞ്ചാവുമാണ് തനിക്ക് പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നതെന്ന് ജോഷി അന്വേഷണസംഘത്തോട് പറഞ്ഞു.
തിരൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
റെയില്‍വേ സംരക്ഷണസേന സബ് ഇന്‍സ്പെക്ടര്‍ കെ.എം. സുനില്‍കുമാര്‍, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജിജു ജോസ്, ഒ.പി. ബാബുരാജ്, സജി അഗസ്റ്റിന്, ഇന്റലിജന്‍സ് വിഭാഗം പ്രിവന്റീസ് ഓഫീസര്‍ ലതീഷ്, സുനില്‍കുമാര്‍, കണ്ണന്, യൂസഫലി, സുമേഷ്, അഭിന്‍, അരുണ്‍ രാജ്, ഡ്രൈവര്‍ അബ്ദുറഹിമാര്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.