അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; ഒരു വയസുകാരൻ മരിച്ചത് ശ്വാസതടസം മൂലം
പാലക്കാട്: അട്ടപ്പാടിയിൽ ഒരു വയസ് പ്രായമുള്ള കുഞ്ഞ് മരിച്ചു. ഇലച്ചിവഴി ഊരിലെ ജ്യോതി-മുരുകൻ ദമ്പതികളുടെ മകനാണ് മരിച്ചത്. ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടത്തറ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ശിശുമരണമാണിത്. ഷോളയൂർ ഊത്തുക്കുഴിയിലെ സജിത-ഷാജി ദമ്പതികളുടെ പെൺകുഞ്ഞ് ഓഗസ്റ്റ് എട്ടിന് മരിച്ചിരുന്നു. പ്രസവത്തിന് പിന്നാലെയായിരുന്നു മരണം. ഇതോടെ ഈ വർഷം അട്ടപ്പാടിയിൽ പന്ത്രണ്ട് കുഞ്ഞുങ്ങളാണ് മരിച്ചത്.
അട്ടപ്പാടിയിലെ ശിശു മരണം മണ്ണാർക്കാട് എംഎൽഎ എൻ ഷംസുദ്ദീൻ നേരത്തെ നിയമസഭയിൽ ഉന്നയിച്ചിരുന്നു. മുരുഗള ഊരിലെ നാല് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹവുമായി അച്ഛന് കിലോമീറ്ററുകള്‍ നടന്ന സംഭവത്തെ തുടർന്നായിരുന്നു പ്രതിപക്ഷ നീക്കം. എന്നാൽ സർക്കാർ വകുപ്പുകൾക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് മന്ത്രി ഇതിന് മറുപടി നൽകിയിത്.