ഡൽഹിയിൽ ആം ആദ്മി എം എൽ എമാർ ബി ജെ പിയിലേയ്ക്ക്? ചിലരെ കാണാനില്ല, വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പാർട്ടി
ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മി എംഎൽഎമാർ ബിജെപിയിലേയ്ക്ക് പോകാൻ ഒരുങ്ങുന്നതായി സൂചന. പല എംഎൽഎമാരെയും ബന്ധപ്പെടാൻ കഴിയുന്നില്ലെന്നാണ് റിപ്പോർട്ട്. പതിനൊന്ന് മണിക്ക് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എംഎൽഎമാരുടെ യോഗം വിളിച്ചിരുന്നു. ഇതിനിടെയാണ് എംഎൽഎമാരെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. 67 എംഎൽഎമാരിൽ 48പേരാണ് യോഗത്തിന് എത്തിയത്. സർക്കാരിനെ വീഴ്ത്താൻ ബിജെപി ശ്രമിക്കുന്നെന്ന് എഎപി നേരത്തേ ആരോപിച്ചിരുന്നു.
മദ്യ നയവുമായി ബന്ധപ്പെട്ട് ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരേ സിബിഐയും-ഇഡിയും പിടിമുറുക്കിയതിന് പിന്നാലെയായിരുന്നു എംഎല്‍എമാരെ ചാക്കിലാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണവുമായി എഎപി രംഗത്തെത്തിയത്. ബിജെപിയില്‍ ചേര്‍ന്നാല്‍ 20 കോടി തരാമെന്നും മറ്റുള്ളവരെ കൂടെ കൂട്ടിയാല്‍ 25 കോടി തരാമന്നും എംഎല്‍എമാര്‍ക്ക് ബിജെപി വാഗ്ദ്ധാനം നൽകിയെന്നായിരുന്നു എഎപി മുതിർന്ന നേതാക്കളുടെ വെളിപ്പെടുത്തൽ. അതേസമയം, മദ്യനയത്തിലെ അഴിമതിയേക്കുറിച്ച് ജനങ്ങള്‍ ചോദിക്കുന്ന ചോദ്യത്തില്‍നിന്ന് വഴിമാറിപ്പോകാനാണ് എഎപിയുടെ ആരോപണമെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. ഇതിനിടെയായിരുന്നു ഇന്ന് കെജ്രിവാളിന്റെ വീട്ടില്‍ യോഗം ചേരാന്‍ എഎപി തീരുമാനിച്ചത്.