കൂട്ടബലാത്സംഗത്തിനിരയായ പതിനഞ്ചുകാരി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് പോലീസ് നടപടിയെടുക്കാത്തതിൽ മനംനൊന്ത്
ലക്നൗ: കൂട്ടബലാത്സംഗത്തിനിരയായ പതിനഞ്ചുകാരി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലെ കുർഹ്ഫത്തേഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ബലാത്സംഗ പരാതിയിൽ ലോക്കൽ പൊലീസ് നടപടിയെടുക്കാത്തതിൽ മനംനൊന്താണ് പെൺകുട്ടി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു.
പൊലീസ് പ്രതികൾക്കൊപ്പമാണെന്നും പരാതി പിൻവലിക്കാൻ സമ്മർദം ചെലുത്തുകയാണെന്നുമാണ് ബന്ധുക്കളുടെ ആരോപണം. സംഭവദിവസം രാത്രി ഏറെ വൈകി വീട്ടിൽ കയറി ഉറങ്ങിക്കിടന്ന മകളെ പ്രതികൾ തട്ടിക്കൊണ്ടുപോയി. അടുത്തുള്ള കാട്ടിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് മകൾ പറഞ്ഞതായി ഇരയുടെ അമ്മ പറഞ്ഞു.
പീഡന വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ ആദ്യം പെൺകുട്ടി ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. ഒരു മാസത്തിന് ശേഷം മാതാവിനോടാണ് സംഭവത്തെക്കുറിച്ച് പറയുന്നത്.’ജൂലായ് 15നാണ് പൊലീസിൽ പരാതി നൽകിയത്. എന്നാൽ ഇതുവരെ നടപടിയൊന്നുമെടുത്തിട്ടില്ല. എന്റെ മകൾക്ക് നീതി നിഷേധിക്കപ്പെട്ടു. പ്രതികൾ ലോക്കൽ പൊലീസിന് കൈക്കൂലി നൽകിയിട്ടുണ്ട്.’- പതിനഞ്ചുകാരിയുടെ മാതാവ് പറഞ്ഞു.