നഷ്ടപരിഹാരമായി കിട്ടിയ നോട്ടുകള്‍ പോലീസ് സ്റ്റേഷനില്‍ കീറിയെറിഞ്ഞു; ജാമ്യമില്ലാ കേസില്‍ അകത്ത്
നെടുങ്കണ്ടം: വാഹനത്തെച്ചൊല്ലിയുള്ള തര്‍ക്കം തീര്‍ക്കാന്‍ പോലീസ്സ്റ്റേഷനിലെത്തിയ യുവാവ് നഷ്ടപരിഹാരമായി കിട്ടിയ നോട്ടുകള്‍ കീറിയെറിഞ്ഞു. പൊതുമുതല്‍ നശിപ്പിക്കല്‍ എന്ന ജാമ്യമില്ലാവകുപ്പ് ചുമത്തി പോലീസ് യുവാവിനെ അകത്താക്കി. പാറത്തോട് സബിന്‍ ഹൗസില്‍ പ്രകാശ് (27) ആണ് വാദിയായി സ്റ്റേഷനിലെത്തി, പിന്നെ പ്രതിയായി മാറിയത്.
പ്രകാശും സുഹൃത്തായ ശരത്കുമാറും ചേര്‍ന്ന് സമീപകാലത്ത് ഒരു വാഹനം വാങ്ങിയിരുന്നു. കഴിഞ്ഞദിവസം ശരത്കുമാറും സാഹായിയും ചേര്‍ന്ന് പ്രകാശിനെ അറിയിക്കാതെ വാഹനം കൊണ്ടുപോയി. ഇതേത്തുടര്‍ന്നുള്ള തര്‍ക്കം പരിഹരിക്കാനാണ് പ്രകാശ് പോലീസ് സ്റ്റേഷനിലെത്തിയത്. പോലീസ് ശരത്തിനെയും വിളിച്ചുവരുത്തി. വാഹനവുമായി ശരത്ത് എത്തിയപ്പോള്‍ ടൂള്‍കിറ്റ് കാണുന്നില്ലെന്നുപറഞ്ഞ് പ്രകാശ് പ്രശ്നമുണ്ടാക്കി. അതിന് നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു.
പ്രശ്നം രമ്യമായി പരിഹരിക്കാന്‍ ശ്രമിച്ച പോലീസ് 12,000 രൂപ ശരത്തില്‍നിന്ന് വാങ്ങി പ്രകാശിന് നല്‍കുകയും ചെയ്തു. ഇതിനിടെ ശരത്തുമായി ചില്ലറ വാക്കേറ്റമുണ്ടായ പ്രകാശ് നഷ്ടപരിഹാരത്തില്‍നിന്ന് മൂന്ന് അഞ്ഞൂറിന്റെ നോട്ട് കീറി മുകളിെേലക്കറിഞ്ഞു. ഇത് കണ്ടുനിന്ന പോലീസ് ഉടന്‍ പ്രകാശിനെ അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു. തര്‍ക്കത്തിന് കാരണമായ വാഹനം പോലീസ്സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്.