ബദിയടുക്ക: കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പോയ പതിനൊന്നുകാരന് തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ച് ചെന്നപ്പോള്‍ കണ്ടത് വെള്ളക്കെട്ടില്‍ കുട്ടിയുടെ ചേതനയറ്റ ശരീരം. കുമ്പഡാജെ അന്നടുക്കയിലെ ഹസൈനാര്‍- റംല ദമ്പതികളുടെ മകന് മുഹമ്മദ് യാസിന്റെ (11) മൃതദേഹമാണ് വെള്ളക്കെട്ടില്‍ കണ്ടെത്തിയത്. വിദ്യാഗിരി എസ്.എ ബി.എം യു.പി സ്കൂളിലെ ഏഴാംതരം വിദ്യാര്‍ത്ഥിയാണ.് ഞായറാഴ്ച്ച രാവിലെ 10 മണിയോടെ സുഹൃത്തുക്കളായ കുട്ടികളോടൊപ്പം കളിക്കാന്‍ പോയതായിരുന്നു മുഹമ്മദ് യാസിന് . എന്നാല്‍ ഉച്ചയായിട്ടും കുട്ടി തിരിച്ച് വരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചിറങ്ങി. വീടിന് കുറച്ചകലെയുള്ള മച്ചാവു കരിയനഗുണ്ടി തടയണക്ക് സമീപം ചെരുപ്പ് കണ്ടതോടെ വെള്ളക്കെട്ടില്‍ പരിശോധന നടത്തുകയും വൈകിട്ട് മൂന്ന് മണിയോടെ യാസിന്റെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് മൃതദേഹം പുറത്തെടുത്തത്. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മൃതദേഹം പിന്നീട് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ അന്നടുക്ക ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.