ആധാരത്തിന്റെ പകര്‍പ്പിന് കൈക്കൂലി പതിനായിരം രൂപ; ഓഫീസ് അസിസ്റ്റന്റ് പിടിയില്‍
കോഴിക്കോട്: ആധാരത്തിന്റെ പകര്‍പ്പിനുവേണ്ടി പണം ആവശ്യപ്പെട്ട കോഴിക്കോട് സബ് രജിസ്ട്രാര്‍ ഓഫീസിലെ ഓഫീസ് അസിസ്റ്റന്റ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയില്‍. കൂടരഞ്ഞി സ്വദേശി ഷറഫുദ്ദീനാണ് 10,000 രൂപയടക്കം ചൊവ്വാഴ്ച വൈകീട്ട് അറസ്റ്റിലായത്.
കണ്ണൂര്‍ ശിവപുരം സ്വദേശി ഹാരിസ് 1999-ല്‍ രജിസ്റ്റര്‍ ചെയ്ത ആധാരത്തിന്റെ പകര്‍പ്പിനുവേണ്ടി പതിനേഴാം തീയതി കോഴിക്കോട് മാനാഞ്ചിറ സബ് രജിസ്ട്രാര്‍ ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു.
ഓഫീസില്‍നിന്ന് 230 രൂപ ഫീസ് അടയ്ക്കണം എന്ന് നിര്‍ദേശിക്കുകയും ചെയ്തു. ആ സമയം അവിടെ ഓഫീസ് അസിസ്റ്റന്റ് ആയി ജോലിനോക്കുന്ന ഷറഫുദ്ദീന് ഹാരിസിനെ സമീപിച്ച് പകര്‍പ്പ് 23-ന് നല്‍കാമെന്നും ഇതിന് കൈക്കൂലിയായി 10,000 രൂപ വേണമെന്നും ആവശ്യപ്പെടുകയായിരുന്നു. കൈക്കൂലി ആവശ്യപ്പെട്ട വിവരം ഹാരിസ് വിജിലന്‍സ് എസ്.പി. സജീവനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെ മാനാഞ്ചിറ സബ് രജിസ്ട്രാര്‍ ഓഫീസിനുള്ളില്‍നിന്ന് കൈക്കൂലി കൈപറ്റുന്നതിനിടയില്‍ ഓഫീസ് അസിസ്റ്റന്റ് ഷറഫുദ്ദീനെ അറസ്റ്റ് ചെയ്തു.
വിജിലന്‍സ് സംഘത്തില്‍ ഡിവൈ.എസ്.പി. ഷാജി വര്‍ഗീസ്, ഇന്‍സ്പെക്ടര്‍മാരായ രാജേഷ്, ശിവപ്രസാദ്, എസ്.ഐ.മാരായ സുനില്‍, പ്രദീപന്, ജയരാജന്, പോലീസുകാരായ അര്‍ഷാദ്, ഷൈജുകുമാര്‍, ഷാബു എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ വിജിലന്‍സ് കോടതിമുമ്പാകെ ഹാജരാക്കും.