ജലീലിന്റെ പോസ്റ്റ് കലാപ ഉദ്ദേശത്തോടെ, പോലീസ് കേസെടുത്തു
പത്തനംതിട്ട: കാശ്മീരിനെക്കുറിച്ച് ഫേസ്ബുക്കിൽ വിവാദമായ പരാമർശം നടത്തിയ സംഭവത്തിൽ മുൻമന്ത്രിയും എം എൽ എയുമായ കെ.ടി ജലീലിനെതിരെ പൊലീസ് കേസെടുത്തു. കീഴ്വായ്പൂർ പൊലീസ് ആണ് കേസെടുത്തത്. തിരുവല്ല കോടതി ഉത്തരവിനെത്തുടർന്നാണ് നടപടി. ജലീലിന്റെ പോസ്റ്റ് കലാപ ഉദ്ദേശത്തോടെയാണെന്നാണ് എഫ് ഐ ആറിൽ പറയുന്നത്.
ജലീലിനെതിരെ നടപടി ആവശ്യപ്പെട്ട് ആർ.എസ്.എസ് നേതാവും മല്ലപ്പള്ളി എഴുമറ്റൂർ സ്വദേശിയുമായ അരുൺ മോഹൻ നൽകിയ ഹർജിയിൽ തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് രേഷ്മ ശശിധരനാണ് കേസെടുക്കാൻ കീഴ്വായ്പൂർ എസ്.എച്ച്.ഒയ്ക്ക് നിർദ്ദേശം നൽകിയത്.
കേസെടുക്കണമെന്ന ആവശ്യം ഉന്നയിച്ച് കീഴ്വായ്പൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും നടപടി ഇല്ലാതിരുന്ന സാഹചര്യത്തിലാണ് അരുൺ കോടതിയെ സമീപിച്ചത്. പാക് അധിനിവേശ കാശ്മീരിനെ ‘ആസാദ് കാശ്മീർ’ എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടതാണ് വിവാദമായത്. വ്യാപക വിമർശനം ഉയർന്നതോടെ ജലീൽ പോസ്റ്റ് പിൻവലിച്ചിരുന്നു.