ചെറുവണ്ണൂരിലെ തീപിടിത്തം; അപകടകരമായ രാസവസ്തുക്കൾ സൂക്ഷിച്ചതിന് കേസെടുത്തു
കോഴിക്കോട്: ചെറുവണ്ണൂരിലെ പെയിന്റ് ഗോഡൗൺ തീപിടിത്തത്തിൽ പൊലീസ് കേസെടുത്തു. ലൈസൻസില്ലാതെ പ്രവർത്തിച്ചതിനും അപകടകരമായ രാസവസ്തുക്കൾ സൂക്ഷിച്ചതിനുമാണ് കേസ്. സ്ഥലത്ത് ഫോറൻസിക് വിദഗ്ദ്ധർ ഇന്ന് പരിശോധന നടത്തും.
ഗോഡൗണിൽ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് സൂചന. ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലായിരുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. എന്താണ് അപകടത്തിന് കാരണമായതെന്ന് വിശദമായി പരിശോധിക്കും.
പെയിന്റ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ടര്‍പെന്റൈനും ടിന്നറും കൂടാതെ ഗോഡൗണിൽ മണ്ണെണ്ണയും വൻതോതിൽ സംഭരിച്ചിരുന്നു. അനധികൃതമായ ഭൂഗർഭ ടാങ്കുകൾ ഉപയോഗിച്ചിരുന്നോയെന്ന് അധികൃതർ പരിശോധിക്കും. പെരിന്തല്‍മണ്ണ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്.