ന്യുഡല്‍ഹി: പണമിടപാട് കേസില്‍ മലയാളി വ്യവസായി സി.സി തമ്പിയെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റു ചെയ്തു. ഒ.എന്‍.ജി.സിയുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് അറസ്റ്റ്. ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
സി.സി തമ്പിയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളായ ഹോളിഡേ സിറ്റി സെന്റര്‍, ഹോളിഡേ പ്രോപ്പര്‍ട്ടീസ്,കാസർകോട് മേൽപറമ്പ് ചെമ്പിരിക്ക ചാത്തങ്കൈ ഹോളിഡേ ബേക്കല്‍ റിസോര്‍ട്സ് എന്നിവ എന്‍ഫോഴ്സ്മെന്റിന്റെ നിരീക്ഷണത്തിലായിരുന്നു. ഫോറിന് എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് 1999 പ്രകാരമാണ് അറസ്റ്റ്. 288 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നിരുന്നുവെന്ന് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിരുന്നു.ചാത്തങ്കൈയിലെ റിസോർട്സ് പാതിവഴിയിൽ നിലച്ച പദ്ധതിയാണ്.പദ്ധതിയെച്ചൊല്ലി ഇവിടെ നാട്ടുകാരും റിസോർട്സ് ഉടമകളും നിരന്തരം ഏറ്റുമുട്ടലിലായിരുന്നു.ഭൂമി കൈയ്യേറ്റത്തിനും കണ്ടൽകാട് നശിപ്പിച്ചതിനും റവന്യൂ-വനം വകുപ്പ് അധികൃതർ സ്ഥലത്ത് അന്വേഷണങ്ങളും നടത്തിയിരുന്നു.റിസോർട്സിന്റെ വഴിവിട്ട നീക്കങ്ങൾ മാധ്യമങ്ങളിൽ വാർത്തയായിരുന്നു.റിസോർട്സ് പ്രവർത്തനം തുടങ്ങിയതുമുതൽ നാട്ടുകാരുടെ സഞ്ചാര സ്വാതന്ത്ര്യവും വിലക്കപ്പെട്ടിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകനും പ്രിയങ്കയുടെ ഭർത്താവുമായ റോബര്‍ട്ട് വദ്രയുമായി ബന്ധപ്പെട്ട ഭൂമിയിടപാടുകളില്‍ സി.സി തമ്പി നേരത്തെ അന്വേഷണം നേരിട്ടിരുന്നു.