മംഗളൂരു: നേത്രാവതി പുഴയില്‍ ബോട്ട് മറിഞ്ഞ് കാസര്‍കോട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനി മരിച്ചു. മഞ്ചേശ്വരം മിയാപ്പദവിലെ റെനിത (18) ആണ് മരിച്ചത്. മംഗളൂരു മിലാഗ്രസ് കോളജിലെ അവസാന വര്‍ഷ കൊമേഴ്സ് വിദ്യാര്‍ത്ഥിനിയാണ് റെനിത. ഞായറാഴ്ചയാണ് സംഭവം. റെനിതയും മറ്റു അഞ്ചു വിദ്യാര്‍ത്ഥിനികളും സുഹൃത്തിന്റെ വീടായ ഉള്ളാള്‍ ഉളിയഹോയ്ഗെയിലെത്തിയതായിരുന്നു.
ഉച്ചയ്ക്ക് ഊണ് കഴിച്ച ശേഷം വിദ്യാര്‍ത്ഥിനികള്‍ ബോട്ടില്‍ ഉല്ലാസയാത്ര നടത്തുന്നതിനിടെ വീശിയടിച്ച കാറ്റില്‍ ബോട്ട് മറിയുകയായിരുന്നു. സംഭവം കണ്ട പരിസരവാസികള്‍ ഉടന്‍ എല്ലാവരെയും കരക്കെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും റെനിത മരണത്തിന് കീഴടങ്ങി.മറ്റൊരു കുട്ടിയുടെ നില ഗുരുതരമാണ്.