സ്പേസ് പാര്‍ക്കിലെ ജോലി: സ്വപ്നയ്ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നല്കിയ ആള് അറസ്റ്റില്‍
തിരുവനന്തപുരം: സ്വപ്ന സുരേഷിന് വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിയ ആൾ പിടിയിൽ. അംബേദ്കർ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിയ സച്ചിൻ ദാസിനെയാണ് പഞ്ചാബിൽ നിന്ന് കൺടോൺമെന്റ് പോലീസ് അറസ്റ്റ് ചെയ്തത്.
സ്പേസ് പാർക്കിൽ സ്വപ്ന സുരേഷ് ജോലി സമ്പാദിച്ചത് വ്യാജ സർട്ടിഫിക്കറ്റ് നൽകിയാണെന്ന് നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു. അന്വേഷണത്തിൽ സ്വപ്ന സ്പേസ് പാർക്കിൽ നൽകിയത് മഹാരാഷ്ട്രയിലെ ബാബാസാഹേബ് അംബേദ്കർ ടെക്നിക്കൽ സർവകലാശാലയിലെ വ്യാജ സർട്ടിഫിക്കറ്റാണെന്ന് വ്യക്തമായിരുന്നു. സർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയ നൽകിയതിന് പിന്നിൽ പഞ്ചാബിലെ അമൃത്സർ സ്വദേശി സച്ചിൻദാസാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. ഇയാളെ അമൃത്സറിൽ നിന്ന് കൺടോൺമെന്റ് പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ട്രെയിൻ വഴി ഇയാളെ പോലീസ് നാട്ടിലെത്തിക്കും. ഇതുമായി ബന്ധപ്പെട്ട് രണ്ടു വർഷത്തോളമായി അന്വേഷണം നടക്കുകയായിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധി വന്നതോടെ അന്വേഷണം നീണ്ടു പോകുകയായിരുന്നു.