ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ നിലപാട് മയപ്പെടുത്തി കോൺഗ്രസ്. മുതിർന്ന കോൺഗ്രസ് നേതാക്കളും മുൻ കേന്ദ്ര മന്ത്രിമാരുമായ കപിൽ സിബൽ, ജയ്റാം രമേശ്, സൽമാൻ ഖുർഷിദ് എന്നിവര് വിട്ടുവീഴ്ചാ ധ്വനിയുള്ള നിലപാടുമായി രംഗത്തെത്തി യത് മുസ്ലിം ന്യൂനപക്ഷങ്ങളിൽ കടുത്ത ആശങ്ക പരത്തി. കോൺഗ്രസ്സ് നിലപാട് ആയുധമാക്കാനാണ് ബിജെപി നീക്കം.പാർലമെന്റ് പാസാക്കിയ നിയമം നടപ്പാക്കില്ലെന്ന് സംസ്ഥാനങ്ങൾക്ക് പറയാനാകില്ലെന്നാണ് കോഴിക്കോട്ട്കപിൽ സിബൽ സിബൽ പ്രതികരിച്ചത്.കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പളി രാമചന്ദ്രനും ആദ്യമേ ഈ നിലപാട് വ്യക്തമാക്കിയിരുന്നു.അതേസമയം ഇടതുപക്ഷം കോൺഗ്രസ്സ് മലക്കം മറിച്ചിലിനെ സസൂക്ഷ്മം വീക്ഷിക്കുന്നുണ്ട്.അതേസമയം കോൺഗ്രസ്സിന്റെ മൃദുഹിന്ദുത്വ പ്രീണനത്തെ കുറിച്ച് ഇടതുപക്ഷം ആവർത്തിക്കുന്ന മുന്നറിയിപ്പുകൾ കോൺഗ്രസ്സിന്റെ പുതിയ മലക്കം മറിയലുകളിൽ യാഥാർഥ്യമായെന്ന് വിലയിരുത്തപ്പെടുന്നു.
ഭരണഘടനാ വിരുദ്ധമായ ഭേദഗതി നടപ്പാക്കാൻ നിർബന്ധിതരാകുന്നതിലെ നിയമപ്രശ്നം ചോദ്യംചെയ്താണ് കേരളം സുപ്രീംകോടതിയിൽ സ്യൂട്ട് ഫയൽ ചെയ്തത്. മതാടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുന്ന നിയമം വേണ്ടെന്ന് 13 സംസ്ഥാനങ്ങൾ നിലപാട് വ്യക്തമാക്കി. എന്നാൽ, മുൻ നിയമ മന്ത്രിയും പ്രമുഖ അഭിഭാഷകനുമായ സിബൽ ഈ സാഹചര്യങ്ങൾ കണ്ടില്ലെന്ന് നടിച്ചു.ഭേദഗതിക്കെതിരെ കേരളം പാസാക്കിയ പ്രമേയം രാഷ്ട്രീയ പ്രമേയമാണെന്നും അത് നിയമത്തിന്റെ മുന്നിൽ നിലനിൽക്കുമോയെന്ന് സംശയമുണ്ടെന്നുമാണ് ദേശീയ ദിനപത്രവുമായി നടത്തിയ മുഖാമുഖത്തിൽ ജയ്റാം രമേശ് പ്രതികരിച്ചത്. കേരളവും പശ്ചിമ ബംഗാളും ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) നടപടികൾ ബഹിഷ്കരിച്ചിട്ടും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ അത്തരം നീക്കം നടത്താത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ജയ്റാം രമേശ് കൃത്യമായ മറുപടി നൽകിയില്ല. സമാന നിലപാടുമായി സൽമാൻ ഖുർഷിദും രംഗത്തുവന്നു.
നിയമത്തെ അനുസരിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും ഇല്ലെങ്കിൽ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്നുമാണ് ഖുർഷിദ് പ്രതികരിച്ചത്. പ്രക്ഷോഭം തുടരണമെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വം സംസ്ഥാന ഘടകങ്ങൾക്ക് നിർദേശം നൽകിയത്. സിഎഎയെ ന്യായീകരിക്കാൻ രാജ്യമുടനീളം ആയിരക്കണക്കിന് റാലി നടത്താനാണ് ബിജെപി നീക്കം. മുതിർന്ന കോൺഗ്രസ് നേതാക്കൾ പോലും നിയമഭേദഗതിയെ പിന്തുണയ്ക്കുന്നുവെന്ന പ്രചാരണമാകും ബിജെപി നടത്തുക.കപിൽ സിബലിന്റെയും ജയറാം രമേശിന്റേയും നിലപാടുകൾ ഉയർത്തിയാണ് ബി.ജെ.പി പ്രചാരണം നടത്താനിരിക്കുന്നത്.