കണ്ണൂർ :കൊട്ടിയൂരിന് സമീപം അമ്പായത്തോട് ടൗണിൽ സായുധ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തി. ഒരു സ്ത്രീ അടക്കം നാലംഗ സംഘമാണ് പ്രകടനം നടത്തിയത്. ടൗണിൽ ലഘുലേഖകൾ വിതരണം ചെയ്യുകയും പോസ്റ്ററുകൾ പതിപ്പിക്കുകയും ചെയ്തു. കൊട്ടിയൂർ വന്യജീവി സങ്കേതം വഴിയാണ് സംഘം എത്തിയത്. തിരിച്ച് ആ വഴി പോവുകയും ചെയ്തു. മൂന്നു പേരുടെ കൈകളില്‍ തോക്കുകളും ഉണ്ടായിരുന്നെന്നാണ് വിവരം.ബ്രാഹ്മണ്യ ഹിന്ദു ഫാസിസ്റ്റുകള്‍ക്ക് അധികാരം ഉറപ്പിക്കാന്‍ സമാധാനപരമായ പാതയൊരുക്കുക എന്ന സൈനിക രാഷ്ട്രീയ ദൗത്യമാണ് ഓപ്പറേഷന് സമാധാന് എന്ന സൈനിക കടന്നാക്രമണ യുദ്ധത്തിലൂടെ മോദി നടപ്പിലാക്കുന്നതെന്ന് പോസ്റ്ററില്‍ പറയുന്നു. അട്ടപ്പാടിയില്‍ ചിതറിയ രക്തത്തിന് പകരം വീട്ടുക, ഈ രക്തത്തിന് കണക്ക് പറയേണ്ടവര്‍ മോദി – പിണറായി കൂട്ടുകെട്ട് എന്നും, തിരിച്ചടിക്കാന്‍ സായുധരാവുക തുടങ്ങിയ മുദ്രാവാക്യങ്ങളും പോസ്റ്ററിലുണ്ട്. ജനുവരി 31 ന് പ്രഖ്യാപിച്ച സമാധാന് വിരുദ്ധ ഭാരത് ബന്ദ് വിജയിപ്പിക്കുക എന്നും പോസ്റ്ററിൽ വ്യക്തമാക്കുന്നു.