ലോഡ്ജിൽ നിന്ന് പിടിയിലായപ്പോൾ നിലവിളിച്ച് അക്ഷയ, നിർവികാരനായി യൂനസ്; ലഹരിക്കച്ചവടം നടത്തിയത് സംസ്ഥാനത്തെ വിവിധ ലോഡ്ജുകളിൽ താമസിച്ച്
തൊടുപുഴ: മാരകലഹരിമരുന്നായ എം ഡി എം എയുമായി യുവാവും യുവതിയും പിടിയിൽ. തൊടുപുഴ പഴുക്കാകുളം പഴേരി വീട്ടിൽ യൂനസ് റസാക്ക് (25), കോതമംഗലം നെല്ലിക്കുഴി ഇടനാട് നെല്ലിത്താനത്ത് വീട്ടിൽ അക്ഷയ ഷാജി (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്നും 6.6 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
രഹസ്യവിവരത്തെത്തുടർന്ന് ലോഡ്ജിൽ നടത്തിയ റെയ്ഡിലാണ് ലഹരിമരുന്ന് പിടികൂടിയത്. പൊലീസിനെ കണ്ടതോടെ അക്ഷയ നിലവിളി തുടങ്ങി. സ്റ്റേഷനിലെത്തിയപ്പോഴും യുവതി അലറിക്കരഞ്ഞു. യൂനസ് ആകട്ടെ നിർവികാരനായിട്ടാണ് പൊലീസിനൊപ്പം പോയത്. വിദ്യാർത്ഥികൾക്ക് ലഹരി എത്തിക്കുന്ന അന്തർ സംസ്ഥാന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പൊലീസ് അറിയിച്ചു.
ലഹരി ചൂടാക്കി ഉപയോഗിക്കുന്നതിനുള്ള സ്ഫടിക കുഴൽ, ചെറിയ പൊതികളാക്കി കൊടുക്കുന്നതിനുള്ള പ്ലാസ്റ്റിക് കവറുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികൾ സംസ്ഥാനത്തൊട്ടാകെ ലഹരിമരുന്ന് വിതരണം നടത്തിയിരുന്നതായും ഇതിനായി വിവിധ ലോഡ്ജുകളിൽ താമസിച്ചിരുന്നതായും പൊലീസ് പറഞ്ഞു.