കാസർകോട്: അസഹിഷ്ണുത ഇളക്കിവിട്ട് കേരളത്തിൽ ഹിന്ദുത്വ താലിബാനിസം ബി.ജെ.പി ആദ്യം നടപ്പാക്കിയത് കാസർകോട് ചെമ്മനാട്ടെ പരവനടുക്കത്താണെന്ന വെളിപ്പെടുത്തലുമായി ഡി.വൈ.എഫ്.ഐ.രംഗത്ത്.2017 ആഗസ്ത് 15ന് സ്വാതന്ത്ര്യ ദിനത്തിൽ ഡി.വൈ.എഫ്.ഐ നടത്തിയ പരിപാടിയാണ് സ്ഥലത്തെ ആർ.എസ്.എസ് -ബി.ജെ.പി പ്രവർത്തകർ അലങ്കോലമാക്കാൻ ശ്രമിച്ചത്.ഇതിനായി അന്ന് ഉച്ചമുതൽ പരവനടുക്കത്ത് നിയമവിരുദ്ധ ഹർത്താൽ നടത്തിയെന്നും ഡി.വൈ.എഫ്.ഐ പറയുന്നു. കെ.കെ.രാഗേഷ് എം.പി ഉൾപ്പെടെയുള്ള നേതാക്കൾ സംബന്ധിച്ച പൊതുസമ്മേളനത്തിനെതിരെയാണ് സംഘപരിവാർ ഹിന്ദുത്വ താലിബാൻ പ്രഖ്യാപിച്ചത്.പരവനടുക്കത്തെ ആലിയ കോളേജിന് എതിർവശത്തെ പഞ്ചായത്ത് സ്റ്റേജിലായിരുന്നു സമ്മേളനവേദി. യോഗാനന്തരം ഈ സ്ഥലമാകെ ചാണകവെള്ളം തളിച്ച് ശുദ്ധിക്രിയ നടത്തിയാണ് കാവിപ്പട രാഷ്ട്രീയ പ്രതിയോഗികളോടുള്ള പ്രതികാരം തീർത്തത്.പ്രദേശത്തുകാരനായ ബി.ജെ.പിയുടെ ജില്ലാഭാരവാഹിയുടെ നേതൃത്വത്തിലായിരുന്നു രാഷ്ട്രീയ ശുദ്ധികലശപൂജ കൊണ്ടാടിയത്.ഇതിനുവേണ്ടി ബി.ജെ.പി.വീടുകൾ കയറിയിറങ്ങി പ്രചാരണം നടത്തിയതും നാട്ടുകാർ ഓര്മിക്കുന്നുണ്ട്.
പൗരത്വ ഭേദഗതി പ്രക്ഷോഭം ആളിക്കത്തുന്നതിനിടയിൽ കഴിഞ്ഞ ദിവസം മുളിയാർ ബോവിക്കാനത്ത് ചിലർ ബി.ജെ.പിയുടെ പൊതുയോഗം ബഹിഷ്കരിച്ചതിനെതിരെ സംസ്ഥാന വ്യാപകമായി മാധ്യമങ്ങളിൽകൂടി പ്രചാരണം നടത്തുമ്പോളാണ് ബി.ജെ.പിക്കാർ കാസർകോട്ട് നടത്തിയ താലിബാൻ മോഡലിനെ ഓർമിപ്പിച്ചും തിരിച്ചടിച്ചും ഡി.വൈ.എഫ്.ഐരംഗത്തുവന്നത് .അതിനിടെ കഴിഞ്ഞ ദിവസം കാസർകോട് പ്രസ്സ് ക്ലബ്ബിൽ ബി.ജെ.പി.ജില്ലാനേതാക്കൾ പത്രസമ്മേളനവും നടത്തി പൗരത്വ വിരുദ്ധ പ്രക്ഷോഭകരെ ഒന്നടങ്കം അധിക്ഷേപിച്ചു ബോവിക്കാനം സംഭവത്തെ അപലപിച്ചിരുന്നു. .ഇതിലാണ് കേന്ദ്ര നിയമ വിരുദ്ധ പ്രക്ഷോഭരെ താലിബാനികളെന്ന് വിളിച്ചു അടച്ചാക്ഷേപിച്ചത്.