മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവിലുണ്ടായ പ്രതിഷേധ ദിനത്തിൽ നഗരത്തിലുണ്ടായിരുന്ന മലയാളികള്‍ക്ക് മംഗളൂരു പൊലീസിന്റെ നോട്ടീസ്. ഡിസംബര്‍ 19 നുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാനാണ് പൊലീസ് നിര്‍ദേശം. സ്ത്രീകളും വിദ്യാര്‍ത്ഥികളുമുള്‍പ്പെടെയുള്ളവര്‍ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.
പ്രതിഷേധമുണ്ടായ ദിവസം മംഗലാപുരം നഗര പരിധിയിലുണ്ടായിരുന്നവരുടെ സിം അഡ്രസിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നതെന്ന് പൊലീസ് വിശദീകരണം. കാസര്‍കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ളവര്‍ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി മംഗളൂരുവില്‍ പോയവര്‍ക്കും പ്രതിഷേധത്തിൽ പങ്കെടുക്കാത്തവർക്കും നോട്ടീസ് അയച്ചിട്ടുണ്ട്.