തിരുവനന്തപുരം: പൗരത്വ ഭേദഗതി വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ചതില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.ഗവര്‍ണറോട് ആലോചിക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ ഒരു ബില്ലിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതെന്നും ഇത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നുമാണ് ഗവര്‍ണറുടെ വാദം.
അതിനാല്‍ തന്നെ സര്‍ക്കാരിനോട് വിശദീകരണം ആരായുമെന്ന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറിയോട് അദ്ദേഹത്തിന്റെ ഓഫീസ് വിശീദീകരണം ചോദിച്ചിരിക്കുന്നത്.
എ.ജിയ്ക്ക് പുറമെ രാജ്യത്തെ മുതിര്‍ന്ന അഭിഭാഷകരെ സമീപിച്ച് അവരുമായി കൂടിയാലോചിച്ച ശേഷം ഗവര്‍ണര്‍ക്ക് മറുപടി നല്‍കാനാണ് സര്‍ക്കാരിന്റെ നീക്കം. എന്നാല്‍ അത്തരമൊരു അനുമതിയുടെ ആവശ്യമില്ലെന്ന് ഇന്നലെ മന്ത്രി എ.കെ ബാലന് പറഞ്ഞിരുന്നു.സംസ്ഥാനസര്‍ക്കാരിന്റെ നിലപാടുകള്‍ക്കും നടപടികള്‍ക്കുമെതിരെ പരസ്യമായി രംഗത്തെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന് രംഗത്തെത്തിയിരുന്നു.
തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവര്‍ണര്‍ സ്ഥാനമെന്നും ഇപ്പോഴത്തെ ഗവര്‍ണര്‍ ഇത് മറക്കുകയാണെന്നും കോടിയേരി പറഞ്ഞിരുന്നു.ദേശാഭിമാനിയിലെ ലേഖനത്തിലാണ് ഗവര്‍ണര്‍ക്കെതിരെ അദ്ദേഹം വിമര്‍ശനമുന്നയിച്ചത്. പദവിയുടെ വലിപ്പം തിരിച്ചറിയാത്ത വിധത്തിലുള്ള രാഷ്ട്രീയ പ്രസ്താവനകളാണ് ആരിഫ് മുഹമ്മദ് ഖാന് നടത്തുന്നത്. സുപ്രീംകോടതിയില്‍ സ്യൂട്ട് ഹര്‍ജി നല്‍കുന്നതിന് ഗവര്‍ണറുടെ അനുമതി വേണമെന്ന് എവിടെയും പറയുന്നില്ല. ഗവര്‍ണര്‍ വ്യക്തിപരമായി ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചല്ല പ്രവര്‍ത്തിക്കേണ്ടത്.
എല്ലാ തീരുമാനങ്ങളും ഗവര്‍ണറെ അറിയിക്കണമെന്ന് ഭരണഘടനയിലില്ല. രാഷ്ട്രീയക്കാരന്റെ കുപ്പായമഴിച്ചുവെച്ച് സ്വതന്ത്രമായ ഗവര്‍ണര്‍ പദവിയിലേക്ക് അദ്ദേഹം മാറേണ്ടതുണ്ട്. ഗവര്‍ണര്‍ സ്ഥാനവും തെരഞ്ഞടുക്കപ്പെട്ട സര്‍ക്കാരും തമ്മിലുള്ള വ്യത്യാസം മനസിലാക്കാതെ സംസ്ഥാനത്തിന്റെ തീരുമാനങ്ങളെല്ലാം താനാണ് എടുക്കേണ്ടതെന്ന് അദ്ദേഹം തെറ്റിധരിച്ചുവെന്നും ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ അദ്ദേഹം വിമര്‍ശിച്ചിരുന്നു.