കാസര്‍കോട് നഗരസഭയില്‍ വാതില്‍പ്പടി സേവനങ്ങള്‍ക്ക് തുടക്കമായി
കാസര്‍കോട് :നഗരസഭയുടെ സേവനങ്ങള്‍ വീടുകളിലേക്ക് എത്തിക്കാന്‍ വാതില്‍പ്പടി സേവനങ്ങള്‍ക്ക് തുടക്കം കുറിച്ച് കാസര്‍കോട് നഗരസഭ. കാസര്‍കോട് നഗരസഭ പരിധിയിലെ നെല്‍ക്കള കോളനിയിലെ രോഗികള്‍ക്ക് നഗരസഭാ ചെയര്മാന് അഡ്വ. വി.എം മുനീര്‍ ജീവന് രക്ഷാ മരുന്നുകള്‍ നല്കി പദ്ധതിക്ക് തുടക്കം കുറിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ കൃത്യമായി ലഭിക്കാതിരിക്കുന്ന ആളുകളിലേക്ക് സേവനങ്ങള്‍ കൂടുതല്‍ സുഗമവും കാര്യക്ഷമവും സമയബന്ധിതവുമായി എത്തിക്കുന്നതാണ് വാതില്‍പ്പടി സേവന പദ്ധതി. വരും ദിവസങ്ങളില്‍ നഗരസഭയുടെ എല്ലാ വാര്‍ഡുകളിലേക്കും വാതില്‍പ്പടി സേവനം വ്യാപിപ്പിക്കുമെന്ന് ചെയര്മാന് പറഞ്ഞു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്, കൗണ്‍സിലര്‍മാര്‍, നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍, വയോമിത്രം ഡോക്ടര്‍, പാലിയേറ്റീവ് നഴ്സുമാര്‍, ജനമൈത്രി പോലീസ് ഉദ്യോഗസ്ഥര്‍, സന്നദ്ധ വളണ്ടിയര്‍മാര്‍, ആശ വര്‍ക്കര്‍, പട്ടികജാതി കോര്‍ഡിനേറ്റര്‍ തുടങ്ങിയവരും പങ്കാളിയായി.