മാല പൊട്ടിക്കല്‍; തമിഴ്നാട്ടില്‍നിന്നുള്ള വന്‍സംഘം കേരളത്തില്‍; രണ്ടുപേര്‍ അറസ്റ്റില്‍
തൃപ്പൂണിത്തുറ: തിരക്കുള്ള ബസുകളില്‍ കയറി യാത്രക്കാരായ സ്ത്രീകളുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കടന്നുകളയുന്ന സംഘത്തിലെ രണ്ട് യുവതികളെ തൃപ്പൂണിത്തുറ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശികളായ കവിത
(26), കൗസല്യ (23) എന്നിവരെയാണ് ഇന്‍സ്പെക്ടര്‍ വി. ഗോപകുമാറും സംഘവും അറസ്റ്റ് ചെയ്തത്. തിരുവാണിയൂര്‍ കുംഭപ്പിള്ളി പരുത്തിക്കാട്ടില്‍ വിജയന്റെ ഭാര്യ പ്രകാശിനിയുടെ രണ്ട് പവന് മാല 18 ന് തിരുവാങ്കുളം-തൃപ്പൂണിത്തുറ യാത്രാമധ്യേ ബസില്‍ നഷ്ടപ്പെട്ടിരുന്നു.
തൃപ്പൂണിത്തുറ സ്റ്റാന്‍ഡില്‍ ഇറങ്ങവേ കൃത്രിമമായി തിരക്കുണ്ടാക്കി മാല പൊട്ടിച്ചെടുത്തതാണെന്നും തമിഴ് സംസാരിക്കുന്ന രണ്ട് സ്ത്രീകളാണ് പിന്നില്‍ നിന്നിരുന്നതെന്നും ഇവര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് പോലീസ് നഗരത്തിലെ വിവിധ സി.സി.ടി.വി.കള്‍ ഉള്‍പ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് തമിഴ് യുവതികള്‍ അറസ്റ്റിലായത്.ഇവരുടെ ബാഗില്‍നിന്നു പ്രകാശിനിയുടെ സ്വര്‍ണമാലയും പോലീസ് കണ്ടെടുത്തു.
അറസ്റ്റിലായ രണ്ട് യുവതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇത്തരത്തില്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുള്ളവര്‍ ഹില്‍പാലസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്നും പോലീസ് അറിയിച്ചു.