യുഎഇയിലെ കമ്പനി അക്കൗണ്ടില്‍ നിന്ന് 28 ലക്ഷം ദിര്‍ഹം മോഷ്ടിച്ചയാള്‍ പണം പിന്‍വലിക്കുന്നതിനിടെ അറസ്റ്റില്‍
ഷാര്‍ജ: യുഎഇയിലെ ഒരു കമ്പനിയുടെ അക്കൗണ്ടില്‍ നിന്ന് 28 ലക്ഷം ദിര്‍ഹം മോഷ്ടിച്ച, ഹാക്കറെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഷാര്‍ജയിലായിരുന്നു സംഭവം. മോഷ്ടിച്ച പണം പൂര്‍ണമായി പിന്‍വലിക്കാന്‍ സാധിക്കുന്നതിന് മുമ്പ് യുവാവ് പൊലീസിന്റെ വലയിലായി.
ഓഗസ്റ്റ് 17ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് തട്ടിപ്പ് സംബന്ധിച്ച് വിവരം ലഭിച്ചതെന്ന് ബുഹൈറ കോംപ്രഹെന്‍സീവ് പൊലീസ് സ്റ്റേഷന് ആക്ടിങ് മേധാവി ലെഫ്. കേണല്‍ മുഹമ്മദ് ബിന്‍ ഹൈദര്‍ പറഞ്ഞു. ഷാര്‍ജയിലെ ഒരു അഡ്വര്‍ടൈസിങ് കമ്പനിയുടെ പ്രതിനിധിയാണ് പൊലീസിനെ ബന്ധപ്പെട്ടത്. കമ്പനിയുടെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തെന്നും 11 ലക്ഷം ദിര്‍ഹം അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചതായും ഇയാള്‍ പൊലീസിനെ അറിയിച്ചു.
കമ്പനിയുടെ ഇലക്ട്രോണിക് അക്കൗണ്ട് ഹാക്ക് ചെയ്ത തട്ടിപ്പുകാരന് സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നു. ഒരു ഗള്‍ഫ് രാജ്യത്തു നിന്ന് 28 ലക്ഷം ദിര്‍ഹം കമ്പനിയുടെ അക്കൗണ്ടിലേക്ക് വരാനുണ്ടെന്ന് ഇയാള്‍ അതിലൂടെ മനസിലാക്കി. ഇത് മുന്‍നിര്‍ത്തിയാണ് തട്ടിപ്പിനുള്ള പദ്ധതി തയ്യാറാക്കിയത്. പണം നല്‍കാനുള്ള കമ്പനിയുമായി ‘ഔദ്യോഗിക’ ഇ-മെയിലിലൂടെ തിരികെ ബന്ധപ്പെട്ട ഇയാള്‍, ഷാര്‍ജയിലെ കമ്പനിയുടെ അക്കൗണ്ട് വിവരങ്ങളില്‍ മാറ്റം വന്നിട്ടുണ്ടെന്നും പണം അയക്കേണ്ടത് പുതിയൊരു അക്കൗണ്ടിലേക്കാണെന്നും അറിയിക്കുകയായിരുന്നു.