‘ബിജെപിയില്‍ ചേര്‍ന്നാല്‍ കേസുകള്‍ അവസാനിപ്പിക്കാം’; സന്ദേശം ലഭിച്ചുവെന്ന് സിസോദിയ
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുകയാണെങ്കില്‍ തനിക്കെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ കേസുകള്‍ എല്ലാം ഇല്ലാതാക്കാമെന്ന വാഗ്ദാനം ലഭിച്ചതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വെളിപ്പെടുത്തല്‍. വിവാദ മദ്യനയത്തിലെ ക്രമക്കേടുകളെച്ചൊല്ലി തലസ്ഥാനത്ത് കേന്ദ്ര ഏജന്‍സികളുടെ പരിശോധനകളും രാഷ്ട്രീയപ്പോരും തുടരുന്നതിനിടയിലാണ് ബിജെപിക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച് സിസോദിയ രംഗത്തെത്തിയിട്ടുള്ളത്.
‘എനിക്ക് ബിജെപിയില്‍ നിന്ന് ഒരു സന്ദേശം ലഭിച്ചു. എഎപി വിട്ട് ബിജെപിയില്‍ ചേരുക. നിങ്ങള്‍ക്കെതിരായ സിബിഐ, ഇ.ഡി.കേസുകള്‍ അവസാനിപ്പിക്കുമെന്ന് ഞങ്ങള്‍ ഉറപ്പാക്കും’ – സിസോദിയ ട്വീറ്റ് ചെയ്തു. തനിക്കെതിരായ കേസുകളെല്ലാം കെട്ടിചമച്ചതാണെന്ന് ആവര്‍ത്തിച്ച സിസോദിയ നിങ്ങള്‍ക്ക് ചെയ്യാനുള്ളത് ചെയ്യൂവെന്നും വെല്ലുവിളിച്ചു.
പാര്‍ട്ടി മാറാന്‍ തന്നോട് ആവശ്യപ്പെട്ട ബിജെപിക്കുള്ള തന്റെ മറുപടിയും സിസോദിയ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. ‘ഞാന്‍ ഒരു രജപുത്രനാണ്, മഹാറാണ പ്രതാപിന്റെ പിന്‍ഗാമിയാണ്. ഞാന്‍ എന്റെ തലവെട്ടാന്‍ തയ്യാറാണ്. പക്ഷേ ഗൂഢാലോചനക്കാര്‍ക്കും അഴിമതിക്കാര്‍ക്കും മുന്നില്‍ തല കുനിക്കില്ല. എനിക്കെതിരായ എല്ലാ കേസുകളും തെറ്റാണ്. നിങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത് എല്ലാം ചെയ്യുക’ സിസോദിയ വ്യക്തമാക്കി.
മദ്യവില്‍പ്പന പൂര്‍ണമായി സ്വകാര്യവത്കരിക്കുന്ന കഴിഞ്ഞ നവംബറിലെ ഡല്‍ഹി എക്സൈസ് നയമാണ് വിവാദത്തിനാധാരം. നയം രൂപവത്കരിച്ചതിലും നടപ്പാക്കിയതിലും ക്രമക്കേടുകളുണ്ടെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്ട്ടിന്മേല് ലെഫ്. ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേന കഴിഞ്ഞമാസം സി.ബി.ഐ. അന്വേഷണത്തിന് ശുപാര്‍ശചെയ്തു. കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച സിസോദിയയുടെ വീടടക്കം ഏഴുസംസ്ഥാനനങ്ങളിലായി 31 സ്ഥലങ്ങളില്‍ സി.ബി.ഐ. പരിശോധന നടത്തി. വിവാദമായ മദ്യനയം ജൂലായില്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.