7 സ്വകാര്യബസ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍, 5 കണ്ടക്ടര്‍മാരും പിടിയില്‍
തൃശ്ശൂർ: തൃശ്ശൂരിൽ മദ്യപിച്ച് ബസ് ഓടിച്ച ഏഴ് സ്വകാര്യ ബസ് ഡ്രൈവർമാരെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് കണ്ടക്ടർമാരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ശക്തൻ, വടക്കേ സ്റ്റാൻഡുകളിലായിരുന്നു തൃശ്ശൂർ ഈസ്റ്റ് പോലീസും സിറ്റി പോലീസും വ്യാപകമായി പരിശോധന നടത്തിയത്. നേരത്തെ തന്നെ സ്വകാര്യ ബസുകളുടെ സാഹസിക ഡ്രൈവിങ്ങിനെക്കുറിച്ചും ബസ് ജീവനക്കാരുടെ തെറ്റായ പ്രവർത്തികൾക്കെതിരേയും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇതിൽ യാതൊരു ഫലവും ഇല്ലാത്തതിന് പിന്നാലെയാണ് ഇപ്പോൾ ശക്തമായ നടപടികളിലേക്ക് കടന്നിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. രാവിലെത്തന്നെ മദ്യപിച്ച് ജോലിക്കെത്തുന്ന ഡ്രൈവർമാരേയും കണ്ടക്ടർമാരേയുമാണ് ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
“കഴിഞ്ഞ കുറേ നാളുകളായി ബസുകളെ നിരീക്ഷിച്ചു വരികയായിരുന്നു. ഈ മാസം പേരാമംഗലം ഭാഗത്ത് രണ്ട് അപകടങ്ങളുണ്ടായിരുന്നു. അതിൽ ഒരു ഡോക്ടറും, ബസ് ഉടമയും മരിച്ചിരുന്നു. അതിന് ശേഷം പൂത്തോൾ ഭാഗത്ത് വെച്ച് ഒരു ബസിലെ കണ്ടക്ടറും ഡ്രൈവറും ക്ലീനറും ചേർന്ന് കാർ യാത്രികനെ ആക്രമിക്കുന്ന സംഭവവുമുണ്ടായിരുന്നു. പലപ്പോഴും അശ്രദ്ധവും അപകടകരവുമായ ഡ്രൈവിങ്ങിന്റെ പേരിൽ മുന്നറിയിപ്പും പെറ്റിക്കേസുകളും എടുത്തിരുന്നു. എന്നാൽ ഇതിൽ വേണ്ടത്ര ഫലം കാണാത്തതിന്റെ അടിസ്ഥാനത്തിലാണ് ശക്തമായ നടപടിയിലേക്ക് നീങ്ങിയിരിക്കുന്നത്.” തൃശ്ശൂർ സിറ്റി പോലീസ് എ.സി.പി. കെ.കെ. സജീവ് പറഞ്ഞു.