കാറിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ച സംഭവം: കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍
മലപ്പുറം: കുറ്റിപ്പുറത്ത് കാറിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. പട്ടാമ്പി കാരക്കാട് കുന്നംകുളത്തിങ്കല്‍ ബഷീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മനഃപ്പൂര്‍വ്വമല്ലാത്ത നരഹത്യ, അപകടകരമായരീതിയില്‍ വാഹനമോടിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ഇയാള്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിലുള്ള സൂചന. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
ബഷീര്‍ ഓടിച്ച കാര്‍ സ്കൂട്ടറില്‍ ഇടിച്ച് പുത്തനത്താണി കരിങ്കപ്പാറ സ്വദേശി അബ്ദുള്‍ ഖാദര്‍ മരിച്ചിരുന്നു. അപകടത്തില്‍ ഖാദറിന്റെ ഭാര്യ റുഖിയയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
ശനിയാഴ്ച വൈകിട്ട് 4.30-ഓടെ കുറ്റിപ്പുറം-തിരൂര്‍ റോഡില്‍ മഞ്ചാടിയിലാണ് അപകടമുണ്ടായത്. സ്കൂട്ടറില്‍ പോവുകയായിരുന്ന അബ്ദുള്‍ ഖാദറിനെയും ഭാര്യയെയും എതിര്‍ഭാഗത്തുനിന്ന് ദിശ തെറ്റിയെത്തിയ ഇന്നോവ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പിന്നാലെ സ്കൂട്ടര്‍ റോഡിരികിലെ മതിലില്‍ ഇടിച്ചുതകര്‍ന്നു. മതിലില്‍നിന്ന് തകര്‍ന്നുവീണ കല്ലുകള്‍ക്കിടയില്‍നിന്ന് അബ്ദുള്‍ ഖാദറിനെ നാട്ടുകാര്‍ പുറത്തെടുത്തപ്പോഴേക്കും ഇദ്ദേഹം മരിച്ചിരുന്നു.
പരമാവധി റോഡിന്റെ ഇടതുവശം ചേര്‍ന്ന് പതിയെ വരികയായിരുന്ന സ്കൂട്ടറില്‍ അതിവേഗത്തില്‍ ദിശതെറ്റിയെത്തിയ കാര്‍ ഇടിക്കുന്നത് സിസിടിവി ദൃശ്യങ്ങളിലൂടെ വ്യക്തമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റുഖിയ സമീപത്തെ കടയുടെ മുകള്‍ഭാഗത്തേക്ക് ഉയര്‍ന്നുപൊങ്ങി വീഴുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. അപകടമുണ്ടാക്കിയ കാര്‍ സ്കൂട്ടറിലിടിച്ച ശേഷം മതിലിലിടിച്ച് തലകീഴായി മറിഞ്ഞതിന് ശേഷമാണ് നിന്നത്. അപകടത്തില്‍ കാര്‍ ഓടിച്ചിരുന്ന ബഷീറിനും ഭാര്യയ്ക്കും നിസാര പരിക്കേല്‍ക്കുകയും ചെയ്തു.
കുറ്റിപ്പുറത്തുള്ള ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അബ്ദുള്‍ ഖാദറും റുഖിയയും അപകടത്തില്‍പ്പെട്ടത്. അല്‍ഐനില്‍ ജോലിചെയ്തിരുന്ന അബ്ദുള്‍ ഖാദര്‍ ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്.