കാസർകോട്:കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ ക്ലീനിപ്പാറ കോളനിയിലെ 70 പിന്നിട്ട കാരിച്ചിയമ്മയ്ക്ക് ഇത് സ്വപ്ന സാക്ഷാത്കാരമാണ്. ഓലക്കുടിലില്‍ നിന്ന് കൊട്ടാരത്തിലെത്തിയ സന്തോഷം. പരപ്പ ബ്ലോക്ക് രൂപീകരിക്കുന്നതിന് മുമ്പ് 2009 ല്‍ കാഞ്ഞങ്ങാട് ബ്ലോക്കില്‍ നിന്ന്് ഐ എ വൈ പദ്ധതിയില്‍ വീട് ലഭിച്ചിരുന്നെങ്കിലും സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം വീട് പൂര്‍ത്തീകരിക്കാനായില്ല. കാരിച്ചി അമ്മയുടെ മൂന്ന് ആണ്മക്കളും കൂലിപ്പണിക്കാരാണ്.അന്നന്നത്തെ അന്നം കണ്ടത്താന്‍ ബുദ്ധിമുട്ടുന്ന ഇവര്‍ക്ക് കൈത്താങ്ങാവുകായായിരുന്നു ലൈഫ് ഭവന പദ്ധതി. ഒരിക്കല്‍ വീട് അനുവദിച്ചിരുന്നതിനാല്‍ വീണ്ടും വീട് ലഭിക്കാന്‍ സാധ്യതയില്ലായിരുന്നു.അടച്ചുറപ്പുള്ള സ്വന്തം വീടെന്ന സ്വപ്നം മറന്ന ഇവരെ ഉദ്യോഗസ്ഥര്‍ കണ്ടത്തി.പരപ്പ ബ്ലോക്കിന്റെ ഒന്നാം ഘട്ട ലൈഫ് മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.ഡിസംബറില്‍ വീടിന്റെ പാലുകാച്ചല്‍ കഴിഞ്ഞു. രണ്ട് മുറികളും അടുക്കളയും ശുചിമുറിയും ഹാളുമൊക്കെയുള്ള വീട്ടില്‍ കാരിച്ചിയമ്മയോടൊപ്പം മൂത്ത മകനും കുടുംബവും ഇളയ മകനുമാണ് താമസം. ഇനി പെന്‍ഷനും കൂടി ശരിയായാല്‍ താന്‍് പൂര്‍ണ്ണ സന്തോഷവതിയാകുമെന്ന് ഈ അമ്മ പറയുന്നു.പെന്‍ഷനു വേണ്ടിയുള്ള എല്ലാ രേഖകളുമായി പഞ്ചായത്തിലെത്തിയാല്‍ പെന്ഷന് ഉടനടി ലഭ്യമാക്കാമെന്ന് പഞ്ചായത്തുമെമ്പറും ഉറപ്പ് നല്കി.