ന്യൂഡൽഹി ; 1948 ജനുവരി 30-ന് മഹാത്മജി വെടിയേറ്റുവീണ നിമിഷങ്ങളിലെ കാഴ്ചകളില്ലാതെ ‘ഗാന്ധിസ്മൃതി’യിലെ ചുമരുകൾ. കേന്ദ്രസർക്കാർ നടപ്പാക്കിയ ഡിജിറ്റൈസേഷനെത്തുടർന്ന് ആ ചരിത്രദൃശ്യങ്ങൾ മറഞ്ഞപ്പോൾ വിവാദത്തിലായിരിക്കയാണ് ഡൽഹി തീസ് ജനുവരി മാർഗിലെ ബിർളഹൗസ് എന്നറിയപ്പെടുന്ന ‘ഗാന്ധിസ്മൃതി’. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഗാന്ധിജി അവസാനനാളുകൾ ചെലവഴിക്കുകയും രക്തസാക്ഷിയാവുകയുംചെയ്ത ഈ സ്ഥലം പിന്നീട് മ്യൂസിയമാക്കുകയായിരുന്നു.
ഗാന്ധിവധത്തിന്റെ ചരിത്രം മായ്ച്ചുകളയാനാണ് ഈ ശ്രമമെന്ന് ആരോപിച്ച് ഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നിർദേശമനുസരിച്ചാണ് ചിത്രങ്ങൾ നീക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സാംസ്കാരികമന്ത്രാലയത്തിനുകീഴിലുള്ള ഗാന്ധിസ്മൃതിയുടെ ചെയർമാൻ പ്രധാനമന്ത്രിയാണ്. അതേസമയം, തുഷാർ ഗാന്ധിയുടെ ആരോപണം സാംസ്കാരികമന്ത്രി പ്രഹ്ലാദ്സിങ് പട്ടേൽ തള്ളി. ചിത്രങ്ങൾ നിറംമങ്ങിയതിനാലാണ് അവ മാറ്റിയതെന്നും ഡിജിറ്റൽ ദൃശ്യങ്ങളിലുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
അതേസമയം മഹാത്മാ ഗാന്ധിക്ക് ഭാരതരത്നം പദവി നൽകണമെന്ന പൊതുതാത്പര്യ ഹർജി സുപ്രീംകോടതി തള്ളി. “മഹാത്മാഗാന്ധി രാഷ്ട്രപിതാവാണ്. ഏത് ഔപചാരിക അംഗീകാരത്തെക്കാളും ഉന്നതമായ ആദരമാണ് അദ്ദേഹത്തിനു ജനങ്ങൾ നൽകുന്നത്” എന്നു പറഞ്ഞുകൊണ്ടാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്.