ഒമ്പതുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു, സഹോദരി രക്ഷപ്പെട്ടത് ശ്മശാനത്തില്‍ ഒളിച്ചിരുന്ന്
ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ ഒമ്പത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം കരിമ്പിന് തോട്ടത്തില്‍ ഉപേക്ഷിച്ചു. ഗാസിയബാദിലെ മോഡിനഗറിലാണ് ദാരുണമായ സംഭവം. കേസില്‍ അയല്‍ക്കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബവുമായി ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന കപില്കുമാറാ(25)ണ് അറസ്റ്റിലായത്.
കൊല്ലപ്പെട്ട പെണ്‍കുട്ടിയെയും സഹോദരിയായ ആറുവയസ്സുകാരിയെയും തട്ടിക്കൊണ്ടുപോയ കപില്‍, ഒമ്പതുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവം കണ്ട് ഭയന്ന ആറുവയസ്സുകാരി സമീപത്തെ ശ്മശാനത്തില്‍ ഒളിച്ചിരുന്നാണ് രക്ഷപ്പെട്ടത്. ഈ പെണ്‍കുട്ടിയെ പിന്നീട് സുരക്ഷിതമായി കണ്ടെത്തി.
വ്യാഴാഴ്ച വൈകിട്ടോടെയാണ് വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന സഹോദരിമാരെ കാണാതായത്. തുടര്‍ന്ന് വീട്ടുകാരും സമീപവാസികളും തിരച്ചില്‍ ആരംഭിച്ചു. പെണ്‍കുട്ടികള്‍ കപിലിന്റെ സൈക്കിളില്‍ കയറി പോകുന്നത് കണ്ടുവെന്ന് ഇതിനിടെ ചിലര്‍ മൊഴി നല്കി. എന്നാല്‍ കപിലിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതേസമയം, വീട്ടുകാര്‍ പോലീസിലും പരാതി അറിയിച്ചു.
മോഡിനഗര്‍, മുരാദ്നഗര്‍, മസൂരി എന്നിവിടങ്ങളില്‍നിന്നുള്ള അമ്പതോളം പോലീസുകാരാണ് പെണ്‍കുട്ടികള്‍ക്കായുള്ള തിരച്ചിലില്‍ പങ്കെടുത്തത്. ഡോഗ് സ്ക്വാഡും പരിശോധനയ്ക്കെത്തി. പോലീസിന്റെ അന്വേഷണത്തില്‍ കപില്‍കുമാര്‍ പെണ്‍കുട്ടികളുടെ വീട്ടില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ഒരു കരിമ്പിന് തോട്ടത്തിന് സമീപത്തേക്ക് പോയതായ വിവരം ലഭിച്ചു. തുടര്‍ന്ന് ഈ പ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനിടെ സമീപത്തെ ശ്മശാനത്തില്‍നിന്ന് ആറുവയസ്സുകാരി പോലീസ് സംഘത്തിന്റെ അടുത്തേക്ക് ഓടിവരുകയായിരുന്നു.
ഒച്ചവെച്ചതിനാല്‍ ചേച്ചിയെ അങ്കിള്‍ അടിച്ചെന്നും ഭയന്നുപോയ താന്‍ ഓടിരക്ഷപ്പെട്ടെന്നുമായിരുന്നു ആറുവയസ്സുകാരിയുടെ മൊഴി. ഇതിനിടെ 500 മീറ്റര്‍ അകലെനിന്ന് പ്രതിയുടെ സൈക്കിളും ചെരിപ്പുകളും പോലീസ് കണ്ടെത്തി. ഒടുവില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് വീടിന് സമീപത്തുനിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്.