അതിഥി തൊഴിലാളികളെ പിന്തുടർന്ന് എത്തിയത് റഫീഖിന്റെ സിറ്റൌട്ടിൽ, കോഴിക്കോട് രണ്ട് കിലോ കഞ്ചാവ് പിടിച്ചു
കോഴിക്കോട്: കഞ്ചാവ് വിൽപ്പനയും ഉപയോഗവും സംസ്ഥാനത്ത് വ്യപകമായി വർധിച്ചുവരികയാണ്. കഞ്ചാവ് എത്തിക്കുന്നവരെയും വിതരണം ചെയ്യുന്നവരേയും തേടി എക്സൈസ്, പൊലീസ് സംഘങ്ങളും വലവിരിക്കുന്നു. ഇന്നിത കോഴിക്ക് സ്വകാര്യ വ്യക്തിയുടെ വീടിന്റെ സിറ്റൌട്ടിൽ നിന്ന് രണ്ട് കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ഇതര സംസ്ഥാന തൊഴിലാളികളെ പിന്തുടർന്ന് കോഴിക്കോട് എക്സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് വിതരണം പതിവാക്കിയ പ്രതി പിടിയിലായത്.
കോഴിക്കോട് കരിക്കാംകുളം ചാക്കറമ്പത്ത് പറമ്പിൽ മുഹമ്മദ് റഫീഖ് കെ.പി (49) താമസിക്കുന്ന വീടിന്റെ സിറ്റ് ഔട്ടിൽ വെച്ചാണ് രണ്ട് കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്. കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി ആർ ദേവദാസും സംഘവും കോഴിക്കോട് എക്സൈസ് ഇന്റലിജന്റ്സ് ആന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഇൻസ്പെക്ടർ പ്രജിത്ത് എയും ചേർന്നാണ് ഇയാളെ പിടികൂടിയത്.
ഒറീസ്സയിൽ നിന്നും വൻതോതിൽ കഞ്ചാവ് കോഴിക്കോട് എത്തിച്ച് ചില്ലറ വിൽപനക്കാർക്ക് മറിച്ച് വിൽക്കുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായത്. നഗരത്തിലെ പ്രധാനപ്പെട്ട കോളേജുകളിലെ വിദ്യാർത്ഥികൾക്ക് ചെറുപൊതികളായി കഞ്ചാവ് വിൽപന നടത്തിവരുന്നത് ഇയാളുടെ വിൽപനക്കാരാണ്. ഇവരെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ എക്സൈസ് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് വകുപ്പ് നടത്തിവരുന്ന കർശന നിരീക്ഷണത്തിന്റെ ഭാഗമായാണ് ഇതര സംസ്ഥാന തൊഴിലാളികളെ പിന്തുടർന്ന് ഇയാളെ പിടികൂടിയത്.