കാസർകോട് :കേന്ദ്ര സർക്കാർ ഇന്ത്യയിലെ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്ന സകലമാന കരിനിയമങ്ങൾക്കും കൂട്ടുനിൽക്കുന്നത് ഭരണഘടനാ മൂല്യം ഉയർത്തിപ്പിടിക്കുന്നതിൽ മാതൃകയായ ബാരിസ്റ്റർ നമ്പ്യാരുടെ മകനാണെന്നത് മലയാളിക്ക് അപമാനമാണെന്ന് സുപ്രീംകോടതിയിലെ അഭിഭാഷക രശ്മിത രാമചന്ദ്രൻ.കാസർകോട് ജില്ലക്കാരനായ അറ്റോർണി ജനറൽ കെ കെ വേണുഗോപാലാണ് കേന്ദ്രസർക്കാരിനായിബി.ജെ.പ്സർക്കാറിന് വേണ്ടി വാദിക്കുന്നത്. . എടനീർ മഠാധിപതിയായിരുന്ന കേശവാനന്ദ ഭാരതിക്കെതിരെ ഭരണഘടനയുടെ മഹത്വവും മൂല്യവും ചൂണ്ടിക്കാട്ടി വാദിച്ച മാതൃകാവ്യക്തിയായിരുന്നു ബാരിസ്റ്റർ നമ്പ്യാർ. ഇദ്ദേഹത്തിന്റ്രെ മകനിൽനിന്ന് രാജ്യവും പ്രത്യേകിച്ച് കേരളവും പ്രതീക്ഷിക്കുന്നത് ഇതല്ല. രാഷ്ട്രത്തെയും ഭരണഘടനയേയും തകർക്കുന്നവർ ഒടുവിലെത്തുന്നത് നമ്മളോരോരുത്തരെയും തകർക്കാനായിരിക്കും. ;ഹിന്ദുക്കളുടെ വാഗ്ദത്ത ഭൂമിയായി ഇന്ത്യയെ മാറ്റുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്നും രശ്മിത പറഞ്ഞു. കാസർകോട് ഇ എം എസ് പഠനകേന്ദ്രവും പുരോഗമന കലാസാഹിത്യസംഘം ജില്ലാകമ്മിറ്റിയും ചേർന്ന് അണങ്കൂരിൽ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കേന്ദ്രസർക്കാർ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിലേക്കിറങ്ങുന്ന ആളുകളുടെ എണ്ണം അനുദിനം വർധിക്കുകയാണ്. മതമല്ല, മതേതരത്വം പറഞ്ഞായിരിക്കണം പ്രതിഷേധങ്ങൾ. രാഷ്ട്രപതാകയായ മൂവർണക്കൊടി അശുദ്ധമാണെന്ന് പറഞ്ഞുനടക്കുന്നവരാണ് സംഘപരിവാറുകാർ. നിയമത്തിനെതിരെ പ്രതിഷേധിക്കുന്നതിന് പകരം തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ വെല്ലുവിളിക്കുന്ന സംഘപരിവാർ നേതാക്കൾ പൗരത്വമില്ലാത്തയാൾ എങ്ങനെ വോട്ടർപട്ടികയിൽ ഉൾപ്പെടുമെന്നും വോട്ടുചെയ്യുമെന്നും വ്യക്തമാക്കണം. ജനാധിപത്യത്തിന്റെ ശൈത്യകാലമാണിത്. ഇതവസാനിച്ച് വസന്തം വരുമെന്ന് പ്രതീക്ഷിക്കാം. ആ വസന്തത്തിനായി ഓരോരുത്തരും തെരുവിലിറങ്ങുന്ന കാഴ്ചയാണ് എവിടെയുമുള്ളതെന്ന് രശ്മിത രാമചന്ദ്രൻ പറഞ്ഞു.
പരിപാടിയിൽ പുരോഗമന കലാസാഹിത്യസംഘം ജില്ലാപ്രസിഡന്റ് സി എം വിനയചന്ദ്രൻ അധ്യക്ഷനായി. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു, അഡ്വ. സി ഷുക്കൂർ എന്നിവർ സംസാരിച്ചു. അനിൽ ചെന്നിക്കര സ്വാഗതവും ബി കെ സുകുമാരൻ നന്ദിയും പറഞ്ഞു. യുവ നാടൻപാട്ട് കലാകാരന്മാരായ സുഭാഷ് അറുകര, റംഷി പട്ടുവം, സുനിൽ കണ്ണൻ, രജിൻ കയ്യൂർ എന്നിവരുടെ സ്നേഹഗാനങ്ങളുമുണ്ടായി.