ഇത്തവണ ഓണസദ്യയും പൊള്ളും, സംസ്ഥാനത്ത് അരി വില കുതിക്കുന്നു; ജയക്ക് പത്ത് രൂപയും മട്ടയ്ക്ക് ആറും കൂടി, മാറ്റമില്ലാത്തത് ഒരേ ഒരു ഇനത്തിന്
തിരുവനന്തപുരം: സംസ്ഥാനത്ത് അരിയുടെ വിലയിൽ വർദ്ധനവ്. പത്ത് രൂപയുടെ വർദ്ധനവാണ് കഴിഞ്ഞ രണ്ടുമാസത്തിനിടെ ഉണ്ടായിരിക്കുന്നത്. പൊന്നി ഒഴികെയുള്ള എല്ലാ ഇനങ്ങൾക്കും വില കൂടിയിട്ടുണ്ട്.ജയ അരിക്കും ജ്യോതി അരിക്കും പത്ത് രൂപ വർദ്ധിച്ചപ്പോൾ ഉണ്ട മട്ടയ്ക്ക് ആറ് രൂപയാണ് കൂടിയത്. സുരേഖ, സോൺ മസൂരി ഇനങ്ങൾക്കും വില വർദ്ധിച്ചു. ആന്ധ്രാപ്രദേശിൽ നിന്നും തമിഴ്നാട്ടിൽ നിന്നും അരി വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. ആന്ധ്രയിൽ സർക്കാർ ന്യായ വിലയ്ക്ക് അരി സംഭരിക്കാൻ തുടങ്ങിയത് കേരളത്തെ ബാധിച്ചിട്ടുണ്ട്.കേരളത്തിലെ വ്യാപാരികൾക്ക് അരി നൽകിയിരുന്ന ആന്ധ്രയിലെ കർഷകർ നല്ല വില ലഭിക്കാൻ തുടങ്ങിയതോടെ സർക്കാരിന് അരി നൽകുകയാണ്. ശ്രീലങ്കയിലെ പ്രതിസന്ധിയും വില വർദ്ധനവിന് കാരണമായിട്ടുണ്ട്. നല്ല വില കിട്ടുന്നതിനാൽ തമിഴ്നാട്ടിലെ മില്ലുകൾ നിന്ന് കൂടുതൽ അരി ശ്രീലങ്കയിലേയ്ക്ക് പോവുകയാണ്.ഓണക്കാലത്തെ കച്ചവടം ലക്ഷ്യം വച്ച് കേരളത്തിലെ വ്യാപാരികൾ അരി സംഭരിച്ച് വയ്ക്കുന്നതും വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട്. വിലക്കയറ്റം തടയാൻ ആവശ്യമായ ഇടപടെൽ സർക്കാർ വിപണിയിൽ നടത്തുമെന്നാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിലിന്റെ പ്രതികരണം. സപ്ലൈകോ ഔട്ട് ലെറ്റുകളിലൂടെ വിൽപ്പന നടത്താനുള്ള അരിയുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞു.