കോഴിക്കോട്: മതപീഡനത്തിനിരയായി ഇന്ത്യയിലേക്ക് എത്തുന്ന മുസ്ലിങ്ങൾക്ക് പൗരത്വം നിഷേധിക്കരുതെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്റീൻ. കേരള ലിറ്ററേച്ചർ ഫെസ്റ്റിവെലിൽ സതീഷ് പത്മനാഭനുമായി സംവാദത്തിൽ സംസാരിക്കുകയായിരുന്നു അവർ. പാകിസ്ഥാൻ , ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽനിന്നും വരുന്ന മറ്റ് മതസ്ഥരെപ്പോലെ മുസ്ലിങ്ങളെയും പൗരത്വത്തിനായി പരിഗണിക്കണം. പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയിൽ നടക്കുന്ന പ്രക്ഷോഭങ്ങളെ സ്വാഗതം ചെയ്യുന്നു. എന്നാൽ, ഇതിൽ ഇസ്ലാമിക തീവ്രവാദ സംഘടനകൾ കടന്നുകൂടിയാൽ അത് അപകടം ചെയ്യും. മതേതരപക്ഷവും മതസംഘടനകളും പുരോഗമനപക്ഷവും പിന്തിരിപ്പന്മാരും തമ്മിലാണ് ഇപ്പോൾ പ്രക്ഷോഭം. ആത്യന്തിക വിജയം പുരോഗമന മതേതര പക്ഷത്തിനായിരിക്കുമെന്നും തസ്ലീമ പറഞ്ഞു. ഞാൻ ഇടതുപക്ഷ ചിന്താഗതിയുള്ളവളും സോഷ്യലിസം ഇഷ്ടപ്പെടുകയും ചെയ്യുന്ന എഴുത്തുകാരിയാണ്.
ബംഗ്ലാദേശിൽ ഹിന്ദുവിഭാഗം എന്താണോ ചെയ്യുന്നത് അത് തന്നെയാണ് ഇന്ത്യയിലെ സർക്കാരും ചെയ്യുന്നത്. സ്വതന്ത്ര ചിന്തകരെയാണ് ഇന്ത്യക്ക് ആവശ്യം. ജർമനി, സ്വീഡൻ ഉൾപ്പെടെ വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ സന്ദർശിച്ചെങ്കിലും ഇന്ത്യ മാത്രമാണ് എനിക്ക് മാതൃരാജ്യമായി അനുഭവിക്കാൻ കഴിയുന്നത്. ഞാൻ ശ്വസിക്കുന്നതും സ്വപ്നം കാണുന്നതും ബംഗാളി ഭാഷയിലാണ്. രാഷ്ട്രീയമായ കാരണങ്ങളാൽ എനിക്ക് കൊൽക്കത്തയിൽ നിന്നും പിന്മാറേണ്ടി വന്നിട്ടുണ്ട്. എന്നാലും മരണം വരെയും ഇന്ത്യക്കാരിയായി കഴിയാനാണ് ഇഷ്ടം. എന്നെ ഇഷ്ടപ്പെടുന്ന ജനഹൃദയങ്ങൾ തന്നെയാണ് എന്റെ വീട്.
ലജ്ജ എഴുതുന്നതിനു മുമ്പെ ഇസ്ലാമിക് മതതീവ്രവാദ സംഘടനകളിൽനിന്നും വിലക്കുണ്ടായിരുന്നു. സ്ത്രീസ്വാതന്ത്ര്യത്തെയും അവരുടെ അവകാശങ്ങളെക്കുറിച്ചും കോളം ചെയ്യുന്നതിന്റെ പേരിലായിരുന്നു വിലക്ക്. ലജ്ജ പ്രസിദ്ധീകരിച്ചതോടെ സർക്കാരാണ് എന്നെ നാട് കടത്തിയത്. ഇതുവരെ നോവൽ ഉൾപ്പെടെ 45 പുസ്തകങ്ങൾ രചിച്ചു. 10 എണ്ണം കവിതകളാണ്. തസ്ലിമ രചിച്ച ‘പവിഴമല്ലികൾ പൂക്കുമ്പോൾ’ നോവൽ സച്ചിദാനന്ദൻ പ്രകാശിപ്പിച്ചു.