പിൻസീറ്റിനടിയിലും ബാക്ക് ബമ്പറിലും പ്രത്യേക അറകൾ, കുറ്റിപ്പുറത്ത് റിറ്റ്സ് കാറിൽ പിടിച്ചത് 21.5 കിലോ കഞ്ചാവ്
മലപ്പുറം: കാറില്‍ കടത്തുകയായിരുന്ന 21.5 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേരെ കുറ്റിപ്പുറം പൊലീസ് പിടികൂടി. ഗൂഡല്ലൂര്‍ നന്തട്ടി സ്വദേശികളായ സുമേഷ് മോഹന്‍ (32), ഷൈജല്‍ അഗസ്റ്റിന് (45), കണ്ണൂര്‍ കതിരൂര്‍ സ്വദേശി ഫ്രാജീര്‍(42) എന്നിവരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
കഞ്ചാവ് കടത്തുസംഘം പട്ടാമ്പി ഭാഗത്തുനിന്ന് കുമ്പിടിയിലൂടെ കുറ്റിപ്പുറത്തേക്ക് വരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് നാല് സംഘമായി തിരിഞ്ഞ് പരിശോധന നടത്തുകയായിരുന്നു. കുറ്റിപ്പുറം എം ഇ എസ് എന്‍ജിനീയറിംഗ് കോളജിന് സമീപം നടത്തിയ പരിശോധനക്കിടെ വന്ന റിറ്റ്സ് കാറിലെ യാത്രക്കാരെ ചോദ്യം ചെയ്തതോടെയാണ് പിന്‍സീറ്റിനടിയില്‍ നിര്‍മിച്ച പ്രത്യേക അറ കണ്ടെത്തിയത്.
ഇതില്‍ നിന്ന് ആറ് പാക്കറ്റുകളും പിന്നീട് ബാക്ക് ബമ്പറില്‍നിന്ന് ആറ് പാക്കറ്റുകളും കണ്ടെത്തുകയായിരുന്നു.
പിടിയിലായവര്‍ ലഹരി കേസുകള്‍ കൂടാതെ തട്ടിപ്പ് കേസുകളിലും ഉള്‍പ്പെട്ടതായി സംശയിക്കുന്നുണ്ട്. പൊലീസ് ഇന്‍സ്പെക്ടര്‍ ശശീന്ദ്രന് മേലയില്‍, എസ് ഐമാരായ പ്രമോദ്, മധുസൂദനന്, എ എസ് ഐ ജയപ്രകാശ്, സി പി ഒമാരായ സുമേശ്, അലക്സ്, സാമുവല്‍, ഷെറിന് ജോണ്‍, വിമോഷ്, ജോസ് പ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്