തെരുവുനായ ശല്യം; ബ്ലോക്ക്തലങ്ങളില്‍ പാര്‍പ്പിട സൗകര്യം ഒരുക്കണമെന്ന്
ജില്ലാ ആസൂത്രണ സമിതി നിര്‍ദ്ദേശം
കാസർകോട് :ജില്ലയിലെ തെരുവുനായ ശല്യം കുറക്കാന്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍ പാര്‍പ്പിട സൗകര്യം ഒരുക്കാന്‍ ജില്ലാ ആസൂത്രണ സമിതി യോഗം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്കി. ബ്ലോക്ക്തലങ്ങളിലെ ഏതെങ്കിലും പഞ്ചായത്തില്‍ സ്ഥലം കണ്ടെത്തി സംയുക്ത പദ്ധതി ആയി അവതരിപ്പിക്കാം. ഇതിലൂടെ തെരുവുനായ ആക്രമണം കുറക്കുകയാണ് ലക്ഷ്യം. ആനിമല്‍ ബെര്‍ത്ത് കണ്ട്രോള് പ്രോഗ്രാം ആസൂത്രണ സമിതി യോഗം ചര്‍ച്ച ചെയ്തു. ജില്ലയില്‍ നിലവില്‍ തൃക്കരിപ്പൂരും കാസര്‍കോടുമുള്ള ആനിമല്‍ ബെര്‍ത്ത് കണ്ട്രോള് സെന്ററുകളെ കൂടുതല്‍ നവീകരിക്കും. ഇത് ചര്‍ച്ച ചെയ്യാനായി വീണ്ടും യോഗം ചേരും.
മാലിന്യ നിര്‍മാര്‍ജനം, നായകളുടെ ലൈസന്‍സിംഗ്, മൈക്രോചിപ്പിംഗ് വിഷയങ്ങളില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റികള്‍ കര്‍ശന നടപടി സ്വീകരിക്കണം.
ഇത് നിരീക്ഷിക്കാന്‍ ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ ഉപസമിതി രൂപീകരിക്കും. ഈ ഉപസമിതി തദ്ദേശ സ്ഥാപനങ്ങള്‍ വിഷയത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ എല്ലാ മാസവും അവലോകനം ചെയ്യും.
മാലിന്യ നിര്‍മാര്‍ജ്ജനത്തിലൂടെ തെരുവുനായകളുടെ വര്‍ദ്ധനവും ശല്യവും കുറക്കാമെന്ന് യോഗത്തില്‍ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ ജി.എം സുനില്‍ പറഞ്ഞു. ജില്ലയില്‍ തെരുവുനായകളുടെ കുഞ്ഞുങ്ങളെ വന്ധ്യംകരിച്ച് അഡോപ്ഷന്‍ നല്‍കാമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ ബി സുരേഷ് പറഞ്ഞു. ഇതിനായി മൃഗ സ്നേഹികളുടെ കൂട്ടായ്മയുടെയും സന്നദ്ധ സംഘടനകളുടെയും സഹായം തേടാമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ പ്രധാന്‍മന്ത്രി ജന്‍ വികാസ് കാര്യക്രം പദ്ധതി തദ്ദേശസ്ഥാപനങ്ങള്‍ക്ക് പരിചയപ്പെടുത്തി. ജില്ലകള്‍ക്കും സംസ്ഥാനങ്ങള്‍ക്കും പരിഗണന നല്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ന്യൂനപക്ഷ കേന്ദ്രീകൃത മേഖലകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. സാമൂഹിക അടിസ്ഥാന സൗകര്യ വികസനം പദ്ധതിയിലൂടെ നടപ്പാക്കാം. അസിസ്റ്റന്റ് ഡി.പി.ഒ മിനി നാരായണന് പദ്ധതി വിശദീകരിച്ചു.
ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ
നടപ്പ് വര്‍ഷത്തേക്ക് അംഗീകാരം ലഭിച്ച വാര്‍ഷിക പദ്ധതികളുടെ നിര്‍വഹണ പുരോഗതി യോഗത്തില്‍ ചര്‍ച്ച ചെയ്തു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ.എസ്, മായ, സര്‍ക്കാര്‍ നോമിനി സി.രാമചന്ദ്രന്, ആസൂത്രണ സമിതി അംഗം ഷാനവാസ് പാദൂര്‍ എന്നിവര്‍ പങ്കെടുത്തു.