നായയുടെ കടിയേറ്റാൽ മുറിവ് തുറന്ന രീതിയിൽതന്നെ ആശുപത്രിയിൽ എത്തിക്കണം
തലയോലപ്പറമ്പ്: തലയോലപ്പറമ്പിൽ 11 പേരെ കടിച്ച തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച തിരുവല്ലയിലെ പക്ഷിരോഗനിർണയ കേന്ദ്രത്തിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് തലയോലപ്പറമ്പ് പഞ്ചായത്ത് പേ വിഷബാധയ്ക്കെതിരെയുള്ള പ്രതിരോധനടപടികൾ ആരംഭിച്ചു. തെരുവുനായകൾക്കും വളർത്തുനായകൾക്കും പ്രതിരോധ കുത്തിവെയ്പ് നൽകാനുള്ള നടപടികൾ ആരംഭിച്ചു.
പാലായിൽനിന്നുള്ള പ്രത്യേകസംഘമാണ് കുത്തിവെയ്പ് നൽകുന്നത്. കടിേയറ്റവരുടെ ചികിത്സാചെലവ് പഞ്ചായത്ത് ഏറ്റെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എൻ. ഷാജിമോൾ പറഞ്ഞു. കടിയേറ്റ ഒരാൾക്കും ഭീതിവേണ്ടെന്നും മുഴുവൻ സംരക്ഷണവും നൽകുവാൻ പ്രത്യേക കമ്മിറ്റി തീരുമാനിച്ചതായും അവർ പറഞ്ഞു. വ്യാഴാഴ്ച രാവിലെ തലയോലപ്പറമ്പ് ഉമ്മാംകുന്ന് മുതൽ വടയാറ് ഭാഗം വരെയുള്ളവർക്കാണ് നായയുടെ കടിയേറ്റത്. ഏറ്റുമാനൂർ സ്റ്റേഷനിലെ എസ്.ഐ. തലയോലപ്പറമ്പ് കുഴികണ്ടത്തിൽ മാത്യു പി.ജോസഫ്(54) പാൽ വാങ്ങാൻ പോയപ്പോഴാണ് നായയുടെ കടിയേറ്റത്.
വടയാർ കിഴക്കേ വാണിയംകുന്നത്ത് ഉഷ, വടയാർ സ്വദേശികളായ അപ്പുക്കുട്ടൻ, ജോസഫ്, അജിൻ, തലയോലപ്പറമ്പ് കോലത്താർ പുത്തൻപുരയിൽ പി.ജെ. തങ്കച്ചൻ (52), പള്ളിപ്പുറം കുമ്പളങ്ങി സ്വദേശി ജോസഫ് (36), കോലത്താർ കോലേഴത്ത് ദിവ്യ(32), ഉമ്മാംകുന്ന് മേപ്പോത്തുകുന്നേൽ വിശ്രുതൻ (54), ഉമ്മാംകുന്ന് എടത്തട്ടയിൽ റോസകുട്ടി ജോസ്(67), കോരിക്കൽ തയ്യിൽ ആനന്ദ് ടി.ദിനേശ് (26) എന്നിവർക്കാണ് കടിയേറ്റത്. ഇതിൽ തങ്കച്ചന്റെ മുഖത്തിനാണ് കടിയേറ്റത്. ആളുകളെ കടിച്ച നായ പിന്നീട് വണ്ടി ഇടിച്ച് ചാകുകയായിരുന്നു.