കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഹവാല പണം; ഡല്‍ഹിയില്‍ ഒരാള്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കൈമാറിയ ഹവാല ഇടപാടുകാരന് ഡല്‍ഹിയില്‍ അറസ്റ്റില്‍. വസ്ത്രവ്യാപാരിയായ മുഹമ്മദ് യാസീനാണ് ഡല്‍ഹി പോലീസും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ നീക്കത്തില്‍ പിടിയിലായത്. ഹവാല ശൃംഖലയിലെ മുഖ്യകണ്ണിയാണ് ഇയാളെന്നും ലഷ്കര്‍ ഇ-തൊയിബ, അല്‍-ബാദിര്‍ തുടങ്ങിയ തീവ്രവാദ സംഘടനകള്‍ക്കാണ് ഇയാള്‍ പണം അയച്ചിട്ടുള്ളതെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞയാഴ്ച കശ്മീരിലെ തീവ്രവാദസംഘങ്ങളുമായി ബന്ധമുള്ള അബ്ദുള്‍ ഹമീദ് മിര്‍ എന്നയാളെ ജമ്മു കശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹിയിലുള്ള മുഹമ്മദ് യാസീന്‍ ഇയാള്‍ക്ക് പത്തുലക്ഷം രൂപ കൈമാറിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് ഹമീദിനെ ചോദ്യംചെയ്തതോടെയാണ് മുഹമ്മദ് യാസീനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. പിന്നാലെ പോലീസ് സംഘം ഡല്‍ഹിയില്‍നിന്ന് മുഹമ്മദ് യാസീനെയും പിടികൂടുകയായിരുന്നു. ഇയാളില്‍നിന്ന് ഏഴ് ലക്ഷം രൂപയും മൊബൈല്‍ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
വിദേശത്തെ ബന്ധങ്ങള്‍ വഴിയാണ് മുഹമ്മദ് യാസീന്‍ പണം സമാഹരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. ഈ പണം കശ്മീരിലെ വിവിധ തീവ്രവാദ സംഘടനകള്‍ക്ക് കൈമാറുകയായിരുന്നു. പോലീസിന്റെ ചോദ്യംചെയ്യലില്‍ താന്‍ നടത്തുന്ന ഹവാല ഇടപാടുകളെക്കുറിച്ചും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍നിന്ന് ഗുജറാത്തിലെ സൂറത്തിലേക്കും മുംബൈയിലേക്കും പണം എത്തിച്ചതായാണ് ഇയാളുടെ മൊഴി. ഹവാല ശൃംഖലയിലെ മുഖ്യകണ്ണിയായ യാസീനെ കേന്ദ്രീകരിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.