കള്ളന്റെ കഷ്ടകാലം; മോഷ്ടിച്ച ബൈക്ക് സ്റ്റാര്‍ട്ടാകുന്നില്ലെന്ന് പറഞ്ഞത് ഉടമയോട്,പിന്നാലെ അറസ്റ്റില്‍
കോയമ്പത്തൂർ: വീടിനുമുന്നിൽനിന്ന് കവർന്ന ബൈക്ക് കേടായതിനെത്തുടർന്ന് മോഷ്ടാവ് ഉടമയോടുതന്നെ സഹായം അഭ്യർഥിച്ചു. കവർച്ചക്കാരനെ നാട്ടുകാരുടെ സഹായത്തോടെ ഉടമ കൈയോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. തൊട്ടിപാളയം സ്വദേശി ബാലസുബ്രഹ്മണ്യത്തെയാണ് (30) പോലീസ് അറസ്റ്റുചെയ്തത്.
കോയമ്പത്തൂർ സൂലൂരിൽ റാവുത്തർ നെയ്ക്കാരൻകുട്ട സ്വദേശി മുരുകന്റെ വീടിനുമുന്നിൽനിന്നാണ് മോട്ടോർ സൈക്കിൾ കാണാതായത്. കോഴിവളർത്തുകേന്ദ്രത്തിലെ മാനേജരായ മുരുകൻ വണ്ടി നഷ്ടപ്പെട്ടുവെന്ന പരാതി നൽകാനായി കരുമത്തംപട്ടി പോലീസ്സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. കുറുമ്പപാളയം എത്തിയപ്പോൾ വർക്ക്ഷോപ്പിനുമുന്നിൽ തന്റെ ബൈക്ക് നിൽക്കുന്നതുകണ്ടാണ് മുരുകൻ സമീപത്തേക്ക് പോയത്. വാഹനത്തിനുസമീപം നിന്ന ബാലസുബ്രഹ്മണ്യൻ വാഹനം സ്റ്റാർട്ട് ആകുന്നില്ലെന്നും വർക്ക്ഷോപ്പ് എപ്പോൾ തുറക്കുമെന്നും ചോദിക്കുകയായിരുന്നു.
മുരുകനും ബാലസുബ്രഹ്മണ്യവും തമ്മിൽ വാക്തർക്കവും കൈയാങ്കളിയും ആയതോടെ നാട്ടുകാർ ഇടപെട്ടു. മുരുകൻ കാര്യങ്ങൾ പറഞ്ഞപ്പോൾ നാട്ടുകാർ ചേർന്ന് പ്രതിയെ പോലീസ് എത്തുന്നതുവരെ കെട്ടിയിട്ടു.
പോലീസ് എത്തിയശേഷം പ്രതിയെ അറസ്റ്റുചെയ്തു. പ്രതിക്കെതിരേ പീളമേട്, ശിങ്കാനല്ലൂർ, ആർ.എസ്. പുരം ഉൾപ്പെടെയുള്ള സ്റ്റേഷനുകളിലായി 18 മോഷണക്കേസുകൾ ഉണ്ടെന്ന് പോലീസ് അറിയിച്ചു.