വേഷം മാറിയെത്തിയ പ്രതിയെ രൂപം മാറിയെത്തി പിടികൂടി കേരള പോലീസ്, സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
കോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ചാലപ്പുറം പുത്തൻപീടിയേക്കൽ പി.പി ഷെബീറാണ് അറസ്റ്റിലായത്. കഴിഞ്ഞ ഒരു വർഷക്കാലമായി ഒളിവിൽ കഴിയുകയായിരുന്ന ഷെബീറിനെ വയനാട്ടിൽ വച്ചാണ് പൊലീസ് പിടികൂടിയത്.
വയനാട്ടിൽ ബിനാമിയുടെ പേരിൽ നിർമിക്കുന്ന റിസോർട്ട് സന്ദർശിക്കാനായി വേഷം മാറിയെത്തിയപ്പോഴാണ് ഷെബീർ അറസ്റ്റിലായത്. ഷമീർ എന്ന പേരിലായിരുന്നു പ്രതി വയനാട്ടിൽ എത്തിയിരുന്നത്. ഇയാളെ പിടികൂടാനായി വേഷം മാറി റിസോർട്ടിന് സമീപം താമസിക്കുകയായിരുന്നു പൊലീസ്. കഴിഞ്ഞ ദിവസം ഹരിയാന റജിസ്ട്രേഷൻ കാറിൽ റിസോർട്ടിലേക്ക് വരികയായിരുന്ന ഷെബീറിനെ പൊലീസ് സംഘം വാഹനം തടഞ്ഞ് നിർത്തി പിടികൂടുകയായിരുന്നു.
കോഴിക്കോട് നഗരത്തിലെ ഏഴു കേന്ദ്രങ്ങളിൽ 2021 ജൂലായ് ഒന്നിനാണ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ കണ്ടെത്തിയത്. പ്രതിരോധസേനാ ഉദ്യോഗസ്ഥരുടെയടക്കം ഫോൺ ചോർത്താന്‍ ശ്രമിച്ചെന്ന് കണ്ടെത്തിയ ബംഗളൂരു സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ മുഖ്യപ്രതിയായ ഇബ്രാഹിം പുല്ലാട്ടിലാണ് കോഴിക്കോട് ഏഴിടങ്ങളിലായി പ്രവർത്തിച്ച സമാന്തര എക്സേഞ്ചുകളുടെയും പിന്നിലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മലപ്പുറം സ്വദേശിയായ ഇബ്രാഹിമാണ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ എക്സ്ചേഞ്ചുകൾക്ക് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്തതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് തൃശൂർ, എറണാകുളം,പാലക്കാട് ജില്ലകളിലെ സമാന്തര ഫോൺ എക്സ്ചേഞ്ചുകൾ പൊലീസ് കണ്ടെത്തിയത്. പാകിസ്ഥാൻ സ്വദേശി മുഹമ്മദ് റഹീം, ബംഗ്ലദേശ് സ്വദേശി സാഹിർ, ചൈന സ്വദേശിനികളായ ഫ്ലൈ, ലീ എന്നിവർക്ക് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് വഴി ഇന്ത്യയിലേക്ക് ‘റൂട്ട്’ വിൽപന നടത്തിയിരുന്നെന്നും ഇബ്രാഹിം പുല്ലാട്ടിൽ മൊഴി നൽകിയിരുന്നു.
സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് വഴി സർക്കാരിന് കോടികളുടെ നഷ്ടമുണ്ടായതായാണ് കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. രജിസ്ട്രേഷൻ ഇനത്തിൽ മാത്രം 2.5 കോടിയാണ് നഷ്ടം. കേരളത്തിൽ പിടികൂടിയ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ സൈബർ തീവ്രവാദമാണെന്നാണ് പൊലീസ് കോടതിയിൽ വ്യക്തമാക്കിയത്.