ന്യൂഡല്‍ഹി :പൗരത്വനിയമ ഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെ ഡല്‍ഹി പൊലീസിന് പ്രത്യേക അധികാരം നല്കി കേന്ദ്രസര്‍ക്കാര്‍. ദേശീയ സുരക്ഷാ നിയമം നടപ്പിലാക്കാന്‍ ഡല്‍ഹി പൊലീസ് കമീഷണര്‍ക്ക് അനുമതി നല്‍കിക്കൊണ്ട് ലെഫ്റ്റണന്റ് ജനറല്‍ അനില്‍ ബയ്ജാല്‍ ഉത്തരവിറക്കി.
ദേശീയ സുരക്ഷാ നിയമപ്രകാരം ദേശീയ സുരക്ഷക്കും ക്രമസമാധാനത്തിനും ഒരു വ്യക്തി ഭീഷണിയാണെന്ന് അധികാരികള്‍ക്ക് തോന്നിയാല്‍ അയാളെ മാസങ്ങളോളം ഒരു കുറ്റവും ചുമത്താതെ തടങ്കലിലാക്കാന്‍ പൊലീസിന് സാധിക്കും. ഈ അധികാരമാണ് ഡല്‍ഹി പൊലീസിന് ലഭിച്ചിരിക്കുന്നത്. ജനുവരി 19 മുതല്‍ ഏപ്രില്‍ 18 വരെയുള്ള കാലവയളവിലാണ് ഈ അധികാരം ഉപയോഗിക്കുന്നതിന് ലെഫ്റ്റണന്റ് ഗവര്‍ണര്‍ അനുമതി നല്‍കിയിരിക്കുന്നത്. ദേശീയ സുരക്ഷാ നിയമപ്രകാരം ആളുകളെ തടഞ്ഞുവെക്കാനുള്ള അധികാരവും ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയിട്ടുണ്ട്.
പൗരത്വനിയമ ഭേദഗതി, എന്‍ആര്‍സി എന്നിവക്കെതിരെ ഡല്‍ഹിയില്‍ തുടര്‍ച്ചയായി പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് ഡല്‍ഹി പൊലീസിന് പ്രത്യേക അധികാരം നല്‍കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. അതേസമയം, ഇതില്‍ അസ്വാഭാവിക ഒന്നുമില്ലെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. ഓരോ മൂന്ന് മാസം കൂടുമ്പോഴും ഇത്തരം ഉത്തരവുകള്‍ ഉണ്ടാകാറുണ്ട്. പതിവ് രീതിയുടെ ഭാഗമാണിത്. നിലവിലെ സാഹചര്യങ്ങളുമായി ഇതിന് ബന്ധമില്ലെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.
1980 സെപ്റ്റംബർ 23 -ന് ഇങ്ങനെയൊരു കരിനിയമം ഉണ്ടാക്കുന്നത് ഇന്ദിരാ ഗാന്ധി എന്ന കോൺഗ്രസ് പ്രധാനമന്ത്രിയാണ്. ദേശത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കസ്റ്റഡി നിയമങ്ങളിൽ ഇളവ് നേടുകയായിരുന്നു അതിന്റെ ലക്ഷ്യം. ഈ നിയമം നടപ്പിൽ വന്നാൽ ഒരാളെ താഴെ പറയുന്ന ഏതെങ്കിലും ഒരു കാരണം ചൂണ്ടിക്കാട്ടി കരുതൽ തടങ്കലിൽ സൂക്ഷിക്കാനുള്ള അധികാരം പൊലീസിന് കൈവരും.
A. അയാൾ ഇന്ത്യയുടെ പ്രതിരോധസംവിധാനത്തിന് ദോഷം വരുന്ന രീതിയിലോ, ഇന്ത്യയുടെ വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തിൽ ഉലച്ചിലുണ്ടാക്കുന്ന രീതിയിലോ, അല്ലെങ്കിൽ ദേശസുരക്ഷയ്ക്ക് തന്നെ വിഘാതമാകുന്ന രീതിയിലോ പ്രവർത്തിച്ചാൽ അയാളെ പൊലീസിന് കരുതൽ തടങ്കലിൽ സൂക്ഷിക്കാം.
B. ഒരു വിദേശിയെ ഇന്ത്യയിൽ നിന്ന് നാടുകടത്താനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന കാലയളവ് താണ്ടുന്നതിലേക്കായി കസ്റ്റഡിയിൽ സൂക്ഷിക്കാം
C. രാജ്യസുരക്ഷയ്ക്കോ, ക്രമാസമാധാനനിലയ്ക്കോ കോട്ടം തട്ടുന്നരീതിയിലോ, അല്ലെങ്കിൽ സമൂഹത്തിനുവേണ്ട ആവശ്യസാധനങ്ങളുടെയും സേവനങ്ങളുടെയും നടത്തിപ്പിന് തടസ്സം നിൽക്കുന്ന രീതിയിൽ ആരെങ്കിലും പ്രവർത്തിക്കുന്ന സാഹചര്യമുണ്ടായാൽ അയാളെ കരുതൽ തടങ്കലിൽ സൂക്ഷിക്കാം.