പദ്ധതി പ്രദേശത്തേയ്ക്ക് സമരക്കാർ തള്ളിക്കയറി, വിഴിഞ്ഞത്ത് വൻ പൊലീസ് സന്നാഹം
തിരുവനന്തപുരം: വിഴിഞ്ഞത്ത് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊളിലാളികൾ ചെയ്യുന്ന സമരം നാലാം ദിവസത്തിലേയ്ക്ക് കടന്നു. രാവിലെ പദ്ധതി പ്രദേശത്തേയ്ക്ക് സമരക്കാർ പ്രതിഷേധവുമായി തള്ളിക്കയറി. സമരക്കാർ ബാരിക്കേഡുകൾ മറിച്ചിട്ടതോടെ ഇവിടെ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് അണിനിരന്നിരിക്കുന്നത്.അതേസമയം, ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ സർക്കാർ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് നടക്കുന്ന ചർച്ചയിൽ പങ്കെടുക്കാൻ സർക്കാരിന്റെ ക്ഷണം സ്വീകരിക്കുന്നുവെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത അറിയിച്ചിട്ടുണ്ട്. ഡൽഹിയിലുള്ള മന്ത്രി വി.അബ്ദുറഹ്മാനാണ് വികാരി ജനറൽ യൂജിൻ പെരേരയുമായി ഫോണിൽ സംസാരിച്ചത്.ആവശ്യങ്ങളിൽ രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് യൂജിൻ പെരേര അറിയിച്ചു. തീരദേശ മേഖലയുടെ പ്രശ്നങ്ങൾക്കുള്ള സമഗ്ര പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.ഈ മാസം 22ന് ചേരുന്ന നിയമസഭയിൽ ആദ്യം കൊണ്ടുവരുന്ന വിഷയം മത്സ്യത്തൊഴിലാളികളുടെ സങ്കടങ്ങളായിരിക്കുമെന്ന് വി.ഡി. സതീശൻ പറഞ്ഞു. നിവൃത്തികേടുകൊണ്ടാണ് മത്സ്യത്തൊഴിലാളികൾ സമരം ചെയ്യുന്നത്. അത് ചർച്ച ചെയ്ത് പരിഹരിക്കണമെന്നാണ് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിക്കാമെന്ന് സമരക്കാർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.സമരത്തിൽ രാഷ്ട്രീയം കലർത്താനില്ല. മത്സ്യത്തൊഴിലാളികളുടെ സമരം വിജയം നേടുമെന്നും സതീശൻ പറഞ്ഞു.