കാഞ്ഞങ്ങാട്: പടന്നക്കാട് തീര്‍ത്ഥങ്കര കടിഞ്ഞത്തൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ നടന്ന കവര്‍ച്ചയില്‍ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ്.ക്ഷേത്രത്തില്‍ വിരലടയാള വിദഗ്ദര്‍ നടത്തിയ പരിശോധനയില്‍ കവര്‍ച്ച നടന്ന സ്ഥലത്ത് നിന്നും വിരലടയാളങ്ങള്‍ ലഭിച്ചിരുന്നു.ഈ വിരലടയാളങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.ജനുവരി 14 ന് ചൊവ്വാഴ്ച്ചയാണ് കടിഞ്ഞത്തൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ കവര്‍ച്ചനടന്നതായി കണ്ടെത്തിയത്.ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന്റെ ഓടിളക്കി അകത്തുകയറിയ മോഷ്ടാവ് ശ്രീകോവിലിന്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്നാണ് വിഗ്രഹത്തിലെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നത്.സംഭവസ്ഥലത്ത്പരിശോധന നടത്താനെത്തിയ പോലീസ് നായ ക്ഷേത്രത്തിനകത്തുനിന്നും മണംപിടിച്ച് പുറത്തെ റോഡിലേക്ക് ഓടി നില്‍ക്കുകയായിരുന്നു.ഇത് കവര്‍ച്ചക്കാര്‍ രക്ഷപ്പെട്ടതായുള്ള സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പോലീസിന്റെ ലിസ്റ്റിലുള്ള സ്ഥിരം മോഷ്ടാക്കളുടെ വിരലടയാളവുമായി ക്ഷേത്രത്തില്‍ നിന്ന് ലഭിച്ച വിരലടയാളവുമായി സാമ്യമുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. സ്ഥിരം മോഷ്ടാക്കളുടെ വിരലടയാളവുമായി സാമ്യമുണ്ടെങ്കില്‍ പോലീസിന് പണി എളുപ്പമാവും.കുറന്തൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്ത്തയിരുന്ന 18 പവന്റെ സ്വര്‍ണ്ണാഭരണങ്ങളാണ് മോഷ്ടാവ് അപഹരിച്ചത്.അകത്തെ ഭണ്ഡാരത്തിലും ഓഫീസിലുമുണ്ടായിരുന്ന 25,000 രൂപയും കാണാതായി.കുടുംബ ട്രസ്റ്റിന്റെ വകയായുള്ള ക്ഷേത്രമാണ് കടിഞ്ഞത്തൂര്‍ മഹാവിഷ്ണു ക്ഷേത്രം.ക്ഷേത്രം ഊരാള നായ നമ്പ്യാര്‍ക്കാലിലെ രാമന് കാനത്താണ് ഹൊസ്ദുര്‍ഗ്ഗ് പോലീസില്‍ പരാതി കൊടുത്തത്.കടിഞ്ഞത്തൂരിനു പിന്നാലെ മാവുങ്കാല്‍ പുതിയകണ്ടം ശ്രീമദ് പരശ്ശിവ വിശ്വകര്മ്മക്ഷേത്രത്തില് നടന്ന കവര്‍ച്ചയിലും ഹൊസ്ദുര്‍ഗ്ഗ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.