ഛണ്ഡിഗഡ്: കേരളത്തിന് പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രമേയം പഞ്ചാബ് നിയമസഭയും പാസാക്കി.പ്രത്യേക നിയമസഭ സമ്മേളനത്തിന്റെ രണ്ടാം ദിനത്തിലാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പഞ്ചാബ് പാസാക്കിയത്. പ്രമേയത്തിലുള്ള ചര്‍ച്ച ഇപ്പോഴും തുടരുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രമേയം പാസാക്കിയതിന് പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയന് ബിജെപി ഇതര സര്‍ക്കാരുകളുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന പഞ്ചാബില്‍ നിയമസഭ പ്രമേയം പാസാക്കിയത് കോണ്‍ഗ്രസ് ഭരണത്തിലുള്ള രാജസ്ഥാന്, മധ്യപ്രദേശ്, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലും സമാനരീതിയില്‍ പ്രമേയം കൊണ്ടു വരാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കും. പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കണമെന്ന് നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയോഗം വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു.
പൗരത്വ നിയമത്തെ ചോദ്യം ചെയ്തു കൊണ്ട് കേരളം സുപ്രീംകോടതിയില്‍ എത്തിയ അതേ ദിവസമാണ് പഞ്ചാബ് സര്‍ക്കാര്‍ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ടത്. ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയത് ചോദ്യം ചെയ്ത് ബിജെപി നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു.കേരളത്തിന് പിന്നാലെ കോൺഗ്രസ്സ് ഭരിക്കുന്ന പഞ്ചാബും പ്രമേയം പാസ്സാക്കിയത് ഏറ്റവും വലിയ തിരിച്ചടിയായത് പൗരത്വ സമരത്തെയും പ്രതിഷേധങ്ങളെയും എതിർക്കുന്ന കേരളാ പി,സി,സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ്.ഇതിനോടുള്ള ഇദ്ദേഹത്തിന്റെ എതിർപ്പ് പഞ്ചാബ് കോൺഗ്രസ്സ് സർക്കാരിനോടും തുടരുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഇതിനകം ഉയർന്ന ചോദ്യം.കേരളം പാസ്സാക്കിയ പ്രമേയത്തിന് കടലാസിന്റെ വിലപോലും ഇല്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ വാദം.ഇതേവാദം തന്നെയാണ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും ഉയർത്തുന്നത്.കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായും നിയമമന്ത്രി രവിശങ്കര്‍ പ്രസാദും ഇക്കാര്യത്തില്‍ കേരളത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഒരു സംസ്ഥാനം കൂടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയതോടെ കേന്ദ്ര സര്‍ക്കാരിന് മുന്നിലുള്ള തലവേദന വര്‍ധിക്കുകയാണ്.