കടത്തിയ സ്വര്‍ണ്ണം വിമാനത്താവളത്തിന് പുറത്തെത്തിച്ച് കസ്റ്റംസ് സൂപ്രണ്ട്! ഒടുവിൽ പോലീസ് പിടിയിൽ
കോഴിക്കോട് : വിദേശത്ത് നിന്നും യാത്രക്കാരൻ കടത്തി കൊണ്ടു വന്ന സ്വർണ്ണം വിമാനത്താവളത്തിന് പുറത്തെത്തിച്ച കസ്റ്റംസ് സൂപ്രണ്ട് കയ്യോടെ പൊലീസ് പിടിയിൽ. കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പയാണ് പൊലീസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും വിദേശത്ത് നിന്നെത്തിച്ച 320 ഗ്രാം സ്വർണ്ണവും പാസ്പോർട്ടുകളും ആഡംബര വസ്തുക്കളും പിടിച്ചെടുത്തു.
കടത്തികൊണ്ടു വന്ന സ്വർണ്ണവും പാസ്പോർട്ടും എയർപോർട്ടിനു പുറത്തെത്തിച്ചു പണം വാങ്ങുകയായിരുന്നു ഇയാളുടെ രീതി. പണം നൽകിയാൽ പാസ്പോർട്ട് തിരിച്ചു കൊടുക്കും.
നാലു പാസ്പോർട്ടുകളാണ് സൂപ്രണ്ടിന്റെ പക്കൽ നിന്നും കണ്ടെടുത്തത്
രേഖകളില്ലാതെ വിദേശത്ത് നിന്നും കടത്തികൊണ്ടുവരുന്ന സ്വര്‍ണ്ണം പിടിക്കുന്നതിൽ ചുമതലയിലുള്ള കസ്റ്റംസിന്റെ സൂപ്രണ്ട് തന്നെ സ്വര്‍ണ്ണം കടത്തിയെന്ന വലിയ നാണക്കേടുണ്ടാക്കുന്ന നടപടിയാണ് കോഴിക്കോടുണ്ടായത്. നാലു മാസം മുമ്പാണ് മുനിയപ്പ കസ്റ്റംസ് വിഭാഗത്തിന്റെ സൂപ്രണ്ട് ആയി ചുമതല ഏറ്റെടുത്തിരുന്നതെന്നും സ്വര്‍ണ്ണം പിടിച്ച സാഹചര്യത്തിൽ ഇയാൾക്കെതിരെ അന്വേഷണം നടക്കുന്നെന്നും കസ്റ്റംസ് വിഭാഗം അറിയിച്ചു.
അതേ സമയം, വിദേശത്ത് നിന്നും അനധികൃതമായി സ്വര്‍ണ്ണം വിമാനത്താവളങ്ങൾ വഴിയെത്തിക്കുന്നത് സംസ്ഥാനത്ത് വലിയ തോതിൽ കൂടിയിട്ടുണ്ട്. കസ്റ്റംസ് പരിശോധനയെ വെട്ടിച്ചാണ് സ്വര്‍ണ്ണം സംസ്ഥാനത്തേക്ക് എത്തിക്കുന്ന്. പലപ്പോഴും കസ്റ്റംസ് പരിശോധന കഴിഞ്ഞെത്തുന്ന യാത്രക്കാരിൽ നിന്നും പൊലീസ് സ്വര്‍ണ്ണം പിടികൂടുന്ന സ്ഥിതിയും ഉണ്ടായിട്ടുണ്ട്. സമാനമായി
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഇന്നും പോലീസ് സ്വർണം പിടികൂടിയിട്ടുണ്ട്. 203 ഗ്രാം സ്വർണാഭരണങ്ങളാണ് കാസർഗോഡ് സ്വദേശി അസ്ലമിൽ നിന്നും പിടികൂടിയത്.സിഐ എ കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് സ്വർണം പിടികൂടിയത്.