ബേക്കറി സാധനങ്ങളും മിഠായികളും ആറുചാക്കുകളിലാക്കി മോഷ്ടിച്ച് കടത്തി; യുവാവ് അറസ്റ്റില്‍
മലപ്പുറം: കടയില്‍ മോഷണം നടത്തിയ യുവാവ് പോലീസ് പിടിയിലായി. താനാളൂര്‍ പകരയിലെ അധികാരത്ത് അഹമ്മദിന്റെ ഉടമസ്ഥതയിലുള്ള അസ്ലം സ്റ്റോറില്‍നിന്ന് ആറു ചാക്കുകളിലാക്കി ബേക്കറി സാധനങ്ങള്‍ മോഷ്ടിച്ച് കടന്ന പ്രതിയാണ് കളവ് നടന്ന ദിവസംതന്നെ പോലീസിന്റെ പിടിയിലായത്.
താനൂര്‍ ജ്യോതി കോളനിയിലെ കുറ്റിക്കാട്ടില്‍ മുഹമ്മദ് അസ്ലമിനെയാണ് (24) താനൂര്‍ എസ്.ഐ. ആര്.ബി. കൃഷ്ണലാലും സംഘവും അറസ്റ്റ് ചെയ്തത്. ഇയാള്‍ മുമ്പ് താനൂര്‍ സ്റ്റേഷന് പരിധിയില്‍ പോക്സോ കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഓട്ടോറിക്ഷാ ഡ്രൈവറാണ് പ്രതി.
ബുധനാഴ്ച പുലര്‍ച്ചെ 12-നും ഒന്നേകാലിനും ഇടയിലാണ് പ്രതി ഓട്ടോറിക്ഷയിലെത്തി കടയുടെ ഗ്രില്‍ തകര്‍ത്ത് 35,000 രൂപ വിലവരുന്ന ബേക്കറി സാധനങ്ങളും മിഠായികളും മോഷ്ടിച്ചത്. എസ്.ഐ. ആര്.ബി. കൃഷ്ണലാലും സംഘവും നടത്തിയ അന്വേഷണത്തില്‍ ബുധനാഴ്ച രാത്രി വൈകി പ്രതിയെ വേങ്ങരയില്‍ വെച്ച് പിടികൂടുകയായിരുന്നു. സീനിയര്‍ സി.പി.ഒ.മാരായ സലേഷ്, മുഹമ്മദ് കുട്ടി, സി.പി.ഒ.മാരായ ലിബിന്, അനൂപ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.